എൻ്റെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ബാംഗ്ലൂരിലെ ഇന്ദിരാനഗർ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിലെത്തി ..

നിര നിരയായി ആൾകാർ നില്കുന്നു ..അങ്ങനെ എൻ്റെ നമ്പരെത്തി എല്ലാ ഡോക്യൂമെന്റുകളും സമർപ്പിച്ചു ..ഓഫീസർ എന്നെ ഒന്ന് നോക്കിയശേഷം പറഞ്ഞു ഒരു ഡോക്യുമെന്റ് മിസ്സിംഗ് ആണല്ലോ അടുത്ത ദിവസം വരൂ..  ചില ഒറിജിനൽ ഡോക്യൂമെന്റസ് കൂടി വേണം … ..

മൂന്നാമത്തെ കൂടിക്കാഴ്ച ആയിരുന്നു ഇത്..   ആവിശ്യമുള്ള പേപ്പർസ് എല്ലാം ഉണ്ടായിരുന്നു ..എന്നിട്ടും ചില മുടന്തൻ ന്യായങ്ങൾ ……യു എസ് വിസ ഇന്റർവ്യൂ പോലെ അയാൾ അടുത്ത ആളെ വിളിച്ചു എൻ്റെ മറുപടിയൊന്നും അയാൾക്കു കേൾക്കണ്ട …

അവിടുള്ള പല അപേക്ഷകരുടെയും അവസ്ഥ അതു തന്നെ …അപ്പോഴാണ് പ്യൂൺ വന്നു പറഞ്ഞത് ഈ ബിൽഡിങ്ങിനു അപ്പുറത്തു ഒരു ഓഫീസുണ്ട് അവിടെ മഞ്ജുനാഥിനെ കണ്ടു നിങ്ങളുടെ പേപ്പർ കൊടുത്താൽ രണ്ടു ദിവസത്തിനുളിൽ കാര്യം നടത്താം ..കുറച്ചു ചെലവുള്ള ഏർപ്പാടാണ്.. ..അത് കേട്ട ഉടനെ കുറേപേർ അങ്ങോട്ടു നടന്നു …പിന്നീടാണ് അറിഞ്ഞത് ഇത് വാഹന വകുപ്പും ബ്രോക്കേഴ്‌സും തമ്മിലുള്ള ഒരു അണ്ടർസ്റ്റാന്ഡിങ് ആണെന്നാണ് .. കിട്ടുന്ന പണം അവർ വീതം വയ്ക്കുന്നുണ്ടെന്നും …

ഇതൊക്കെ അധാർമികം അല്ലേ ആരോട് ചെന്ന് ഇതിനെ പറ്റി പറയും ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു   ….കൂടെ ഉണ്ടയായിരുന്ന മലയാളി സുഹൃത്ത് പറഞ്ഞു ..ആവിശ്യം നിന്റേതാണ് ..എല്ലാവരും നിന്നെ പോലെ ചിന്തിച്ചു മഞ്ജുനാഥിന്റെ അടുത്ത് പോകാതിരുന്നാൽ കാര്യങ്ങൾ ശരിയായ രീതിയിൽ  നടക്കും ..പക്ഷേ ആർക്കും അതിനു സമയമില്ല എല്ലാവരും കാര്യങ്ങൾ കുറുക്കു വഴിയിലൂടെ നേടുന്നു ..മഞ്ജുനാഥ്മാർ നാട്ടിലെങ്ങും നിറഞ്ഞു വാഴുന്നു ..

അധർമ്മം എല്ലായിടവും വാഴുകയാണ്  ഈ കൊച്ചു ഇന്ദിരാനഗറിൽ മാത്രമല്ല പലയിടങ്ങളിലും പലരീതികളിൽ.. ഭരണ നടത്തുന്നവർ  അവർക്കു ഇഷ്ടമുള്ള രീതിയിൽ നിയമങ്ങൾ  വളച്ചൊടിക്കുന്നു ..കുറ്റവാളികൾ സ്വതന്ത്രരായി നടക്കുന്നു,..ചിലർ പരീക്ഷകൾ കോപ്പിയടിച്ചു ജയിക്കുന്നു .. ചിലർ ആരെയും സഹായിക്കാതെ  സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നു പ്രളയങ്ങളൊന്നും അവർക്കൊരു പാഠങ്ങളല്ല … നമ്മുടെ രാജ്യത്തിൻറെ മാത്രമല്ല  പല ലോകരാജ്യങ്ങളിലും അങ്ങനെ തന്നെ ..ചില രാജ്യങ്ങളുടെ കാര്യം വളരെ പരിതാപകരമാണ്  ..

മറ്റുള്ളവരെ സ്നേഹിക്കാനും,സഹായിക്കാനുമായി  എല്ലാം സഹിച്ചും പോരാടിയും  സത്യത്തിന്റെ പാതയിൽ ചരിക്കുന്നവർ കുറച്ചു പേർ മാത്രം..ജീവിതത്തിൽ തൃപ്തി നേടിയവർ കുറച്ചു മാത്രം ..

ലോകം എന്താ ഇങ്ങനെ ? നാം എന്ത് ചെയ്യും ..ഒരവതാരത്തെ പ്രതീക്ഷിച്ചിരിക്കണമോ ?

ഭഗവത് ഗീതയിൽ കൃഷ്ണൻ അര്ജുനനോട് പറയുന്നുണ്ട്

“പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം

ധർമ്മ സംസ്ഥാപനാർത്ഥയാ സംഭവാമി യുഗേ യുഗേ ”

ധർമ്മം രക്ഷിക്കാനായി, പുനഃസ്ഥാപിക്കുന്നതിനായി  ഓരോ കാലങ്ങളിലും അവതരിക്കുന്ന കാര്യം തന്നെ .. .

ഇപ്പോൾ ഈ അവസ്ഥകളിൽ ആലോചിക്കുമ്പോൾ കൃഷ്ണൻ ആ വാക് പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ നാം സംശയിച്ചേക്കാം ..

അല്ലെങ്കിൽ ധർമത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് വേണം കരുതാൻ ..കൃഷ്ണന് അവതരിക്കാൻ തക്ക വിധത്തിൽ ധർമത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല എന്ന് വേണം കരുതാൻ …

പക്ഷെ അധർമ്മം നമ്മെ ചുറ്റിവരിഞ്ഞു കൊണ്ടിരിക്കുന്നു , സാവധാനം വിഴുങ്ങി കൊണ്ടിരിക്കുന്നു .. ഈ അവസ്ഥയിൽ , ചക്ഷു ശ്രവണ ഗളസ്ഥമാം ദർദുരം  ഭക്ഷണത്തിനു അപേക്ഷിക്കുന്നത് പോലെ നാം ഈ അപകടാവസ്ഥയിൽ ഒരു അവതാരത്തെ പ്രതീക്ഷിക്കണമോ?

ഒരു ദൈവിക ഇടപെടൽ നമ്മുടെ ജീവിതത്തിനും  ലോകത്തിനും സഹായകരമായി നമുക്കു പ്രതീക്ഷിക്കാമോ ? ..ഓരോ അവതാരങ്ങൾ വന്നു ധർമത്തെ പുനസ്ഥാപിച്ചു തിരിച്ചു പോകുന്നു എന്ന് നമുക്ക് എങ്ങനെ വിശ്വസിക്കാം?

നമ്മളെപ്പോഴും കരുതുന്നത്  നാം ചിന്തിക്കുന്നതും പറയുന്നതും മാത്രമാണ്  ധർമ്മം  ,സത്യം  എന്നും നമ്മെ എതിർക്കുന്നവർ അധാർമ്മികരും ക്രൂരന്മാരും,കള്ളന്മാരും  എന്നുമാണ്  … .മറ്റുള്ളവരുടെ അധാർമിക പ്രവർത്തനങ്ങളാണ്   ലോകത്തിലെ  വിഷമതകൾക്ക് കാരണമൊന്നും നാം വിശ്വസിക്കുന്നു   .. .  നമ്മളിൽ ചിലർ അവരെ നമ്മുടെ മാർഗത്തിൽ നടത്താൻ ശ്രമിക്കുന്നു…  അവർക്ക്   അതിനു പറ്റിയില്ലെങ്കിൽ  അവരെ നശിപ്പിചെങ്കിലും  ധർമത്തെ പരിപാലിക്കാനുള്ള തെറ്റായ ശ്രമം നടത്തുന്നു ..

പക്ഷെ അതൊരു തെറ്റിദ്ധാരണയാണ്  ..പുറത്തുള്ള ആളല്ല, നാം തന്നെയാണ് നമുക്കു എതിരായി നില്കുന്നത് …നമ്മുടെ തന്നെ അത്യാഗ്രഹങ്ങളും സ്വകാര്യ താല്പര്യങ്ങളും ആണ് നമ്മെ പലപ്പോഴും യഥാർത്ഥ  ധർമ്മ മാർഗത്തിൽ നിന്നും  വ്യതിചലിപ്പിക്കുന്നത് ..അതാണ് നമ്മുടെ  ക്ലേശ കാരണം …ഈ കരണങ്ങളെയാണ് നാം നശിപ്പിക്കേണ്ടത്..

നാം മനസിലാക്കേണ്ടത് അവതാരങ്ങൾ കഥകൾ പ്രതീകാത്മകമാണെന്നാണ് …. അവതാരങ്ങൾ  അവതരിക്കേണ്ടത് ഓരോരുത്തരുടെയും മനസിലാണ്.   ..

നമ്മുടെ മനസിൽ നിന്നാണ്  ധർമ്മം  അധർമ്മം എല്ലാം ഉടലെടുക്കുന്നത്

നാം നമ്മുടെ മനസിനെ   കാമ ക്രോധ  ലോഭ മോഹങ്ങളുടെ മതിലുകൾക്കുള്ളിൽ  അധാര്മികതയുടെ ഇരുട്ടിൽ   തടവിലാക്കിയിരിക്കുന്നു …

മനസിലെ പൈശാചിക ബാധയെ, അധർമ്മത്തെ  ഒഴിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്.. അതിനു  നമ്മുടെ മനസിലാണ് നാം അവതരിക്കേണ്ടത് .. .. അധർമ്മത്തെ തകർത്തു നാം ധർമ്മം

പുനഃസ്ഥാപികേണ്ടിയിരിക്കുന്നു ..

എപ്പോഴൊക്കെ അധർമ്മം കാണുന്നുവോ അപ്പോഴൊക്കെ നാം അവതാരമെടുക്കേണ്ടിയിരിക്കുന്നു, ധർമ്മ പുഃസ്ഥാപനത്തിനായി ……