മൗനപൂർവം എന്ന സൈലൻറ് റിട്രീറ്റിന് പലപ്പോഴും പോകാറുണ്ട്..മനസിന് വിശ്രമം വേണമെന്ന് തോന്നിയപ്പോഴൊക്കെ…

ഒക്ടോബറിൽ പോകണം ….

കഴിഞ്ഞ വർഷം ആണ് അവിടെ രാജേഷ് ശർമ്മയെ കണ്ടത് …

രാജേഷ് ശർമ.. ആളെ ആദ്യമായി നേരിട്ട് കാണുന്നത് സമീക്ഷയുടെ ഭക്ഷണശാലക്കരികിൽ വച്ചാണ്..

ഇയ്യാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ഒരെത്തും പിടിയും കിട്ടുന്നില്ല എന്നായിരുന്നു ആദ്യം തോന്നിയത്.. മനസിന് വിശ്രമം കൊടുക്കാൻ വന്ന ഞാൻ ആലോചിച്ചു കൊണ്ടിരുന്നു

..ഹാ… പിടികിട്ടി ഇത് സെബാനല്ലേ ചാർളിലെ ?.. അതിലെ സെബാനെ വെറുത്തിരുന്നു …അതാണ് രാജേഷിൻറെ വിജയവും …..അന്ന് വെറുത്ത രാജേഷിനെ ഇന്ന് ആശ്‌ളേഷിച്ചു…

അനുഗ്രഹീത കലാകാരനുമായി അടുത്തു…നാടക അഭിനയത്തിന് കേരള സംഗീത നാടക അക്കാദമിയിൽ നിന്നും അവാർഡുകൾ വാരിക്കൂട്ടിയ പ്രതിഭ…പുതിയ സിനിമകൾക്കും,വരാൻ പോകുന്ന നല്ല റോളുകൾക്കും എല്ല ആശംസകളും രാജേഷിന്…

മൗനത്തിനു ഞാനും രാജേഷ് ശർമയും സമീക്ഷയിൽ തൊട്ടടുത്ത മുറികളിൽ ആയിരുന്നു താമസം.. മൗനം ആയതു കൊണ്ട് കൂടുതൽ മിണ്ടിയില്ല.. എന്നാലും അത്താഴത്തിനു പോകുന്ന സമയങ്ങളിൽ ഞങ്ങൾ സംസാരിച്ചു.. രാജേഷിന്റെ അനുഭവങ്ങൾ, ഓരോ കഥാപാത്രത്തെയും ഉൾക്കൊണ്ട് അഭിനയത്തെ എങ്ങനെ കൊണ്ട് പോകാം .. വരാൻ പോകുന്ന സിനിമകൾ, അതിനിടെ രാജേഷിന്റെ കണ്ണൂര് ബന്ധവും (സഹധർമിണി ) ..ഒരു സിനിമാക്കാരൻ എന്ന് തോന്നിയില്ല ..അടുത്തൊരു സുഹൃത്തായി തോന്നി …

ഇനിയാണ് പുതിയ ട്വിസ്റ്റ്‌…..

ഒരു ദിവസം അത്താഴം കഴിഞ്ഞു പതിവ് പോലെ പലതും പറഞ്ഞ് ഞങ്ങൾ നടക്കുമ്പോഴാണ് പെട്ടന് ഒരിടിത്തീ പോലെ ഒരാൾ ഞങ്ങൾക്കിടയിൽ വന്നത്..അല്ല പ്രത്യക്ഷ പെട്ടത് ..

ഒരശരീരി പോലെ കേട്ടു.. എൻ്റെ പേര് ദേവരാജ് നിങ്ങൾ ആരാണ്?..

ഞാൻ ആ മിന്നലിന്റെ ഷോക്കിൽ തന്നെ ആയിരുന്നു.. ഷോക്കിൽ നിന്ന് നേരത്തെ ഉണർന്ന രാജേഷ് പേര് പറഞ്ഞു ആർട്ടിസ്റ്റാണെന്നും എണെന്നും….

ദേവരാജൻ വിടുന്നില്ല ഒക്കെ എവിട്യ സ്ഥലം?.
കൊല്ലം രാജേഷ് പറഞ്ഞു.. കൊല്ലത്തെവിടെ.. രാജേഷ് സ്ഥലം പറഞ്ഞു..

ദേവരാജ് അരുളി.. ഓഹോ കൊല്ലത്തു ഞാൻ അവിടെ ഇലക്ടിസിറ്റി സബ്‌സ്റ്റേഷനിൽ ഉണ്ടായിരുന്നു..

ഞാൻ ഓർത്തു ഹാ ചുമ്മാതല്ല അയ്യാളുടെ പേര് ദേവരാജ് ആയതു..മ്മടെ സ്വർഗരാജ്യത്തിന്റെ മുഖ്യൻ ഒരു ദേവരാജൻ അല്ല്യോ.. മൂപരുടെ ആയുധം മിന്നൽ അല്ല്യോ …

രാജേഷിന് നേരെ തലങ്ങും വിലങ്ങും മിന്നൽ കത്തി വീശി കൊണ്ടിരുന്നു മ്മടെ സബ്‌സ്റ്റേഷൻ ദേവരാജ്… ഞാൻ ആ കത്തിയിൽ നിന്നും കഷ്ട്ടിച്ചു രക്ഷപെട്ടു എന്ന് കരുതി പിന്നിൽ ഒതുങ്ങി.. പക്ഷെ ആ മിന്നൽ ദേവരാജൻ എന്നെ വിട്ടില്ല..

നിങ്ങളുടെ പേര്?. ഞാൻ പറഞ്ഞു ബിജു.. ബംഗളുരു ജോലി ചെയുന്നു കണ്ണൂരുകാരനാണു..ഒറ്റ വെട്ടിനു മരണം ഉറപ്പാക്കാൻ അയാൾ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്കു ഒറ്റ ശ്വാസത്തിൽ ഞാൻ ഉത്തരം പറഞ്ഞു

പക്ഷെ ദേവരാജ് വിട്ടില്ല അയാൾ പറഞ്ഞു.. ഓ കണ്ണൂര് സബ്‌സ്റ്റേഷനിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്.. ആട്ടെ കണ്ണൂരിൽ എവിടെയാ… അപ്പോഴേക്കും ഭക്ഷണ ശാല എത്തി..

ആശ്വാസമായി ഞാൻ കഞ്ഞി കോരി എടുക്കുന്നതിനിടെ കഞ്ഞിയിൽ ശ്രദ്ധിക്കുന്നു എന്ന് വരുത്തി ഒഴിവാകാൻ ശ്രമിച്ചു..

പക്ഷെ അയാൾ പിന്നെയും ചോദ്യങ്ങളും ഉത്തരങ്ങളും ആയി മിന്നൽ അടിച്ചു കൊണ്ടിരുന്നു…അടുക്കളയിൽ നിന്ന് വന്ന ചേച്ചിയെ അയാൾ കറിയുടെയും കഞ്ഞിയുടെയും വിവരങ്ങൾ പറഞ്ഞു ..ഏതോ ഒരു സബ്സ്റേഷനിൽ വച്ച് അയാൾ ഉണ്ടാക്കിയ കഞ്ഞിയാണ് യഥാർത്ഥ കഞ്ഞി എന്ന് തുടങ്ങി..ഞങ്ങൾക്ക് എല്ലാദിവസവും ഭക്ഷണമുണ്ടാക്കി തരുന്ന ചേച്ചിയെ ആ കത്തിയിൽ നിന്നും എനിക്കോ രാജേഷിനോ രക്ഷിക്കാൻ പറ്റിയില്ല ..ചോര വാർന്ന് ഞങ്ങൾ തളർന്നിരുന്നു ..

അയാൾ അടുത്ത ഇരയെ നോക്കി കൊണ്ടിരുന്നു .. . അയാൾക്കു പിന്നെ കിട്ടിയത് പിന്നിൽ വന്ന മനേഷിനെ ആയിരുന്നു ..

5 ദിവസത്തെ സൈലന്റ് റിട്രീറ്റ്‌ന് വന്ന ഞങ്ങൾക് ദേവരാജന്റെ ഉച്ചത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കേൾക്കുക കുറച്ചു വിഷമം തന്നെ ആയിരുന്നു….

മനേഷിന്റെ വീടിനടുത്തുള്ള സബ്‌സ്റ്റേഷനെ പറ്റി അയാൾ ചോദിക്കുന്നതിനു മുൻപ് മനേഷ് സൈലന്റ് റിട്രീറ്റ്നെ പറ്റി പറഞ്ഞു..അയാളോട് നിശബ്ദനായി ഇരിക്കാനും .

അയാൾ അപ്പോഴേക്കും മൗനത്തിൻറെ ആവശ്യകതയെ കുറിച്ച് ഞങ്ങളോടെല്ലാവരോടും പറയാൻ തുടങ്ങി .. …മനേഷ് എന്തായാലും കുറച്ചു കടുത്തു.. അയ്യാളുടെ വായടപിച്ചു…

മനേഷിന് ഒരായിരം നന്ദി… അല്ലെങ്കിൽ കേരളത്തിലെ ബാക്കി എല്ലാ സബ്‌സ്റ്റെഷനിലൂടെയും ഞങ്ങൾ കയറി ഇറങ്ങി ഷോക്കടിച്ചു തീർന്നേനെ…..ഞങ്ങൾക്കു ലോകത്തിലെ എല്ലാ അറിവുകളും തന്നു ദേവരാജ് ഈ ലോകത്തിൽ നിന്നും മുക്തി തന്നേനെ …

സത്യം നിങ്ങൾ രക്ഷപെട്ടതാ ഒരു ഷോക്കും ഏൽക്കാതെ നിങ്ങടെ ഭാഗ്യം.. ഞങ്ങടെ യോഗവും..

മൗനപൂർവ്വം കഴിഞ്ഞു തിരിച്ചു പോകാൻ ഓട്ടോ കാത്തു നിൽക്കുന്ന എന്നെ കണ്ട രാജേഷ് എന്നെ എയർപോർട്ട് വരെ കൊണ്ടാക്കി തന്നു..യാത്രക്കിടയിൽ ഞാൻ ചോദിച്ചു ദേവരാജൻ ഒരു നല്ല കഥാപാത്രം തന്നെ എപ്പോഴെങ്കിലും രാജേഷ് അതുപോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണം…രാജേഷ് എന്നെ നോക്കി പൊട്ടിച്ചിരിച്ചു …..