ബക്രീദ് ഓർമ്മകൾ

ബാംഗളൂരിൽ നിന്ന് രാവിലെ നാല് മണിക്ക് തുടങ്ങിയ ഡ്രൈവ്… വീട്ടിലെത്തിയപ്പോൾ ഉച്ച സമയം ..തണുത്ത വെള്ളത്തിൽ കുളിച്ചു.. ഊണ് കഴിച്ചു ഞാനങ്ങ് ഉറങ്ങി ..

ഫോൺ റിങ് ചെയ്തപ്പോഴാണ് ഞെട്ടിയത്..സുലൈഖ ആയിരുന്നു വിളിച്ചത് ..

എന്താ സുലേ രാവിലെ തന്നെ ..? ബിജു എനിക്കൊരു സഹായം വേണം നീ കണ്ണൂരെത്തിയോ അവൾ ചോദിച്ചു ? …

സുലൈഖ …അല്ല സുലൈഖ ബീഗം ഡോക്ടറാണ് അമേരിക്കയിൽ പോയിട്ടു 6 മാസമേ ആയിട്ടുള്ളൂ..

അവളെ വർഷങ്ങൾകു ശേഷം കണ്ടുമുട്ടിയത് ആറു വര്ഷങ്ങള്ക്കു മുൻപുള്ള സ്കൂൾ റീ യൂണിയൻ നടന്നപ്പോഴാണ് .. അഞ്ചാം ക്ലാസ് കഴിഞ്ഞതിന് ശേഷം അവളെ കണ്ടിട്ടില്ല.. അവളുടെ ഉപ്പയ്ക് ട്രാൻസ്ഫ്‌ർകിട്ടി അവൾ തളിപ്പറമ്പിലേക്കു പോയി, ടാഗോർ സ്കൂളിൽ ..

കൊല്ലങ്ങൾക്കു ശേഷമുള്ള സ്കൂൾ റീ യൂണിയൻ ഓർമ്മ വന്നു .. അന്നവളെ പ്രതീക്ഷിച്ചിരുന്നില്ല.. എന്നെ കണ്ടപ്പോഴേക്കും ഓടി വന്നു കെട്ടിപിടിച്ചു …അറിയാതെ കണ്ണ് നിറഞ്ഞു ..അവളും കണ്ണ് തുടച്ചു …

കുറെ നേരം ഞങ്ങൾ പഴയ അഞ്ചാം ക്‌ളാസുകാരായി …പിന്നെ ഞാൻ ചോദിച്ചു, സുലേ നീ എവിടെയാ ഇപ്പൊ ..അവൾ പറഞ്ഞു ബാംഗളൂർ മണിപ്പാൽ ഹോസ്പിറ്റലിൽ നുറോളിജിസ്റ്റാ അവിടെ 5 -6 കൊല്ലായി ..പിന്നെ പഠിച്ചതും അവിടെ തന്നെ രാമയ്യയിൽ ..

ഞാൻ തലയിൽ കൈവച്ചു പറഞ്ഞു ..അള്ളാ ഞാനും ബാംഗളൂരിൽ ഉണ്ട് …അവൾ കൈത്തണ്ടയിൽ പിടിച്ചു നുള്ളി ..കള്ളാ നീ കളിയാക്കൽ ഒന്നും മറന്നിട്ടില്ല .. [.അവൾ സംസാരിക്കുമ്പോൾ അത്ഭുദത്തിനും ആശ്ചര്യത്തിനും അള്ളാ എന്നുപറയും ഞാനും അമീറും എപ്പോഴും അത് പറഞ്ഞു അവളെ കളിയാക്കും ]

കഴിഞ്ഞ ആറു വർഷമായി സമയം കിട്ടുമ്പോഴൊക്കെ ഞങ്ങൾ കാണും അല്ലെങ്കിൽ ഫോൺ വിളിക്കും ..തിരിച്ചു കിട്ടിയ സൗഹൃദം ഇനിയും നഷ്ടമാകാൻ ഞങ്ങളനുവദിച്ചില്ല ..പക്ഷെ പലപ്പോഴും അമീറിനെ കിട്ടാറില്ല അവൻ യാത്രയിലായിരിക്കും [ഒരു ഇന്റർനാഷണൽ സംഗീത ഗ്രൂപ്പിന്റെ പാട്ടുകാരനാണ് അവൻ ]

ഞാൻ കുട്ടികാലം ഓർത്തു ..കണ്ണൂരിൽ സ്വന്തമായി വീട് വയ്ക്കുന്നതിന് മുൻപ് ഞങ്ങളൊരു വാടക വീട്ടിലായിരുന്നു .. ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലായിരുന്നു അമീറും ഉമ്മയും ..അതിനടുത്ത വീട്ടിലെ രാധാകൃഷ്ണൻ സാർ (ബാങ്ക് മാനേജർ ) സ്ഥലം മാറിപോയപ്പോൾ വന്നതാണ് എസ് ഐ റാവുത്തർ ..കൂടെ സുലൈഖയും ഉമ്മയും …..

വികൃതി കളിച്ചാൽ പോലീസിനെ വിളിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചിരുന്നു അമ്മ ..പക്ഷെ റാവുത്തറുപ്പ വന്നതിനുശേഷം ആ അടവ് നടന്നില്ല ..അത്ര പാവായിരുന്നു റാവുത്തറുപ്പ …..ഉപ്പ ഞങ്ങൾ പിള്ളേർക്കു കഥകൾ പറഞ്ഞുതരും ..വീര സാഹസിക പോലീസ് കഥകളല്ല.. പലതും ചരിത്രവും പുരാണങ്ങളും … ..അറിയാതെ ഉപ്പയുടെ കഥകളിലൂടെ എല്ലാം ഞങ്ങൾ പഠിച്ചു ..

അമീറിന്റെ ഉമ്മ, ജിന്ന് കഥകളിൽ ആയിരുന്നു സ്‌പെഷലിസ്റ്റ് ..ഞങ്ങൾ ജിന്നുമ്മ എന്നാണവരെ വിളിക്കാറ്

ആഴ്ചയിൽ ഒരിക്കൽ മാത്രം ‘അമ്മ വയ്ക്കുന്ന ചിക്കൻകറിയെക്കാൾ എനിക്കിഷ്ടം അമീറിന്റെ ഉമ്മയുടെ ചിക്കൻ പത്തിരിയും സുലൈഖ യുടെ ഉമ്മയുടെ മുട്ടമാലയും ഉന്നക്കായയും ബിരിയാണിയും പഴം പൊരിച്ചതുമൊക്കെയാണ് ..പക്ഷെ അമീറിനും സുലൈഖക്കും അമ്മയുടെ സാമ്പാറാണ് പ്രിയം ..

അന്ന് ബക്രീദ് ആയിരുന്നു.. റാവുത്തറാങ്കിൽ കഥപറയാൻ തുടങ്ങി .. ഈദ് അൽ അദ്ഹ …ത്യാഗത്തിൻറെ പെരുനാൾ ആണ് ബലിപെരുന്നാൾ..റംസാൻ പെരുനാളിനെക്കാൾ പവിത്രമാണ് ബക്രീദ് ..

ഇബ്രാഹിം തൻ്റെ അരുമയായ മകനെ ദൈവഹിതമനുസരിച്ചു ദൈവത്തിനു സമർപ്പിക്കാൻ തയ്യാറായി .. അവൻ്റെ ദൈവസ്നേഹത്തിൽ സന്തോഷിച്ച ദൈവം മകന് പകരം ആടിനെ മതിയെന്നും ..അതിനെ വീതിച്ചു പാവങ്ങൾക്കും വീട്ടുകാർക്കും ബന്ധുമിത്രങ്ങൾക്കും നല്കാൻ ആവശ്യപെടുകയും ചെയ്തു ..
..
എൻ്റെ കുഞ്ഞു മനസ്സിൽ സംശയം വന്നു… ദൈവത്തിനു എന്തിനു അവൻറെ സൃഷ്ടിയുടെ ബലിവേണം ? മനുഷ്യനായാലോ മൃഗമായാലോ ലോകം മുഴുവൻ ദൈവത്തിന്റെ സൃഷ്ടിയല്ലേ ?

ഉപ്പ പറഞ്ഞു ദൈവ സ്നേഹികളായ നാം കരുതേണ്ടത് നമുക്കുള്ളതൊക്കെ അത് സ്നേഹമാകട്ടെ,സമയമാകട്ടെ സമ്പത്താകട്ടെ അത് പാവങ്ങളുമായും സഹജീവികളുമായും പങ്കിട്ടു ജീവിക്കണം അതാണ് ദൈവത്തിന്റെ ഇഷ്ടം … എൻ്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയില്ലെങ്കിലും ഉപ്പ പറഞ്ഞത് എനിക്ക് പെരുത്തിഷ്ടപെട്ടു ..

ഹാലോ സുലൈഖയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ഓർമ്മകളിൽ നിന്നും ഉണർന്നു …നീ പറ സുലേ ഞാൻ എന്താ വേണ്ടേ ?

എടാ നീ നാട്ടിൽ അല്ലെ ?..നീ അമീറിന്റെ ഉമ്മയെ കാണാൻ പോകണം അവർക്കു തീരെ വയ്യ …നിനക്ക് കുറച്ചു സമയം അവരോടുത്തു ചിലവഴിക്കാമോ ? അമീർ ഇപ്പൊ അവന്റെ ഉപ്പയെ പോലെ ലോകം ചുറ്റും പാട്ടുപാടി നടക്കുകയാണ്…അവനെ വിളിച്ചാൽ കിട്ടാറേയില്ല ..

ഞാൻ പോകാം അവളോട് പറഞ്ഞു ..അവൾ പിന്നെ അവളുടെ റിസേർച്കളും അമേരിക്കയിലെ കാര്യങ്ങളും പറഞ്ഞു കുറെ നേരം സംസാരിച്ചു ..

അഞ്ചു ദിവസത്തെ ലീവിൽ നാട്ടിലെത്തിയ ഞാൻ കുറെ കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നു.. എന്തായാലും എല്ലാം മാറ്റിവച്ചു ഉമ്മയെ കാണാൻ ഞാൻ ചെന്നു …സുലൈഖ പറഞ്ഞ അഡ്രസ്സിൽ എത്തി ..

വലിയ ഒരു വീട് ..ഉമ്മയെ നാട്ടിലാക്കി ലോകം കറങ്ങുന്ന അമീർ ഏതായലും അവർക്കു നല്ലൊരു വീടുണ്ടാക്കി വച്ചിട്ടുണ്ട്..

ഉമ്മറത്ത് കയറിയ എന്നെ കണ്ടപ്പോൾ..ഒരു നോർത്ത് ഇന്ത്യൻ പെൺകുട്ടി ഹിന്ദിയിൽ ചോദിച്ചു കോൻ ഹൈ …ഞാൻ ചോദിച്ചു അമീരിന്റെ വീട് ?..

അവൾ ഒന്നും പറയാതെ അകത്തേക്കു പോയി ..കുറച്ചു കഴിഞ്ഞപ്പോൾ എൻ്റെ ജിന്നുമ്മ വന്നു ..

ആരാ?.. ഉമ്മ ചോദിച്ചു … ബിജു ആണ് ഉമ്മ ഞാൻ പറഞ്ഞു ..

ആ മോനെ സുലൈഖ വിളിച്ചിരുന്നു ഉമ്മ എന്നെ കെട്ടിപിടിച്ചു എത്ര കാലായി കണ്ടിട്ട് കുറെ നേരം ഞങ്ങളങ്ങനെ നിന്നു ..അതിനിടെ ആ ഹിന്ദിക്കാരി പോകുന്നു എന്ന് പറഞ്ഞിറങ്ങി …

ഉമ്മ പറഞ്ഞു അവൾ ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് പോകും ..ഇനി നാളെ വരും ..എനിക്ക് തീരെ വയ്യ .. സുലൈഖ ഇടയ്ക്കു വരാറുണ്ടായിരുന്നു ..അവൾ അമേരിക്കയിൽ പോയതിനു ശേഷം ഞാൻ ഒറ്റയ്ക്കായി … ഇവിടെ ആരും വരാറില്ല…

ഞാൻ ഉമ്മയെ നോക്കി ആ ശരീരം തളർന്നിരുന്നു എന്നാലുംഉമ്മയുടെ മുഖത്ത് നല്ല പ്രകാശം ഉണ്ട് ..

നമുക്കൊന്നു പുറത്തു പോയിട്ട് വരാം ..പുറം ലോകം കണ്ടിട്ട് കുറെ മാസങ്ങളായി ..നിനക്ക് ബുദ്ധിമുട്ടാകുമോ ബിജു ?.ഉമ്മ ചോദിച്ചു ..ഇല്ലുമ്മ നമുക്ക് കറങ്ങാം.. എവിടെയാ പോകേണ്ടത് ..

കണ്ണൂരിലൂടെ ഗൂഗിൾ മാപ്പ് വച്ച് ..ഉമ്മ പറഞ്ഞ സ്ഥലങ്ങളിലൊക്ക പോയി …പണ്ട് അവർ കൂട്ടുകാരൊന്നിച്ചു പ്രാർത്ഥിച്ചിരുന്ന മൈതാനങ്ങളൂം … ഞങ്ങൾ കുട്ടികളെ കൂട്ടി ഉമ്മ പോകാറുണ്ടായിരുന്ന സ്ഥലങ്ങളിലും ഞങ്ങൾ പോയി..

ഇപ്പോൾ അവ പലതും ബഹുനില കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു അത് കണ്ടു ഉമ്മയുടെ കണ്ണും ..

എല്ലാം മാറിപ്പോയിരിക്കുന്നു ബിജു ..ആരും ഇപ്പോൾ പുറത്തിറങ്ങില്ല എല്ലാവരും വീട്ടിൽ തന്നെ അതാണ് എല്ലാവരുടെയും ലോകം … നമുക്ക് ചുറ്റുമുള്ളവരെ നാം കാണുന്നില്ല അവരുടെ കൂടെ ആരും സമയം ചിലവിടുന്നില്ല ..സ്നേഹം എന്നാൽ സ്വന്തം സമയം മറ്റുള്ളവർക്കു കൊടുക്കലാണെന്നു ആരും അറിയുന്നില്ല ..

ഉമ്മ തുടർന്നു… നിനക്ക് സമയമുണ്ടെങ്കിൽ എന്നെ നാദാപുരം പള്ളി കാണിക്കണം ..അവിടെ അമീറിന്റെ ഉപ്പ കുറേകാലം ഉണ്ടായിരുന്നു അവിടെ നിന്നാണ് അയാൾ അജ്മീരിലേക്കു പോയത് ….

ഞാനൊരിക്കലും അമീറിന്റെ ഉപ്പയെ കണ്ടിട്ടില്ല ഒരു സൂഫി പോലെ ആയിരുന്നു എന്നും ഈയിടെ മരിച്ചു എന്നും സുലൈഖ പറഞ്ഞിരുന്നു …

കുട്ടികാലത്തെ ഉമ്മയുടെ സ്നേഹം ആവോളം കിട്ടിയിട്ടുള്ള ഉമ്മയ്ക്ക് വേണ്ടി ഞാൻ എന്തിനും തയാറായിരുന്നു ..ആ സ്നേഹത്തിനു മുന്നിൽ ഇതൊന്നുമല്ലെങ്കിലും ..

ഞാൻ വീട്ടിലേക്കു വിളിച്ചു കാര്യങ്ങൾ പറഞ്ഞു എന്തായാലും നാദാപുരം കണ്ടു തിരിച്ചു വരാൻ വൈകും ചിലപ്പോ ഒരു ദിവസം അവിടെ തങ്ങേടി വരും ..ഞാൻ കഴിയുന്നത്ര സമയം ഉമ്മയോട് കൂട്ടിരിക്കാൻ തീരുമാനിച്ചു ..

നാദാപുരം പള്ളിയിൽ കുറെ നേരം ഉമ്മ ഇരുന്നു ..നേരം ഇരുട്ടിയതു കാരണം ഞങ്ങൾ അവിടെ റൂമെടുത്തു അടുത്ത ദിവസം തിരിച്ചു ..

കണ്ണൂരിലേക്കുള്ള ഡ്രൈവിങ്ങിനിടെ ഞാൻ ഉമ്മ യോട് ചോദിച്ചു ..

ഉമ്മയ്ക്ക് അമീറിനോട് ഒരു പെണ്ണുകെട്ടാൻ പറഞ്ഞുടെ ഉമ്മയ്ക്കൊരു സഹായമാവില്ലേ .. ..ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു ദൈവം നമ്മുക്കൊരു ജീവിതം തന്നു അത് മറ്റുള്ളവരെ സ്നേഹിച്ചും സഹായിച്ചും അതിൽ സന്തോഷം കൊണ്ടും ജീവിക്കുകയാണ് നാം ചെയേണ്ടത് …എനിക്കാരോടും പരിഭവമില്ല ..

ഉമ്മ പതിയെ ഉറങ്ങി ..ഞാൻ വേഗം കുറച്ചു ഡ്രൈവ് ചെയ്തു …കണ്ണൂർ സിറ്റി എത്തിയപ്പോഴേക്കും ഉമ്മ ഉണർന്നു ..മുഖത്ത് വല്ലാത്ത ക്ഷീണം കണ്ടു ..ഉമ്മ പറഞ്ഞു ജേക്കബ് ഡോക്ടറുടെ അടുത്തെത്തിക്കണം വല്ലാത്ത തലവേദന ..ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു ..സുലൈഖയുടെ പ്രഫസറായിരുന്നു ജേക്കബ് സാർ …ഞാൻ സുലൈഖയെ വിളിച്ചു ..എടാ ഞങ്ങൾ കറങ്ങി വരുന്നതിനിടെ ഉമ്മയ്ക്ക് തലവേദന ഞാൻ ഹോസ്പിറ്റലിലേക്കാ നീ ഒന്ന് ഡോക്ടറോട് പറയണം .

ഹോസ്ടലെത്തിയപ്പോൾ ഡോക്ടർ പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു .നല്ല ക്ഷീണമുണ്ടായിരുന്ന ഉമ്മയെ സ്ട്രകച്ചറിൽ കിടത്തി ..

ഡോക്ടറുടെ റൂമിനു പുറത്തു ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു …പിന്നിൽ നിന്ന് ഡോക്ടർ വിളിച്ചു ..ബിജു ഉമ്മയ്ക്ക് കുഴപ്പമൊന്നുമില്ല ഇന്നിവിടെ കിടന്നു നാളെ പോകാം ..ഞാൻ ആശ്വാസത്തോടെ ചിരിച്ചു ..

ഞാൻ സുലൈഖയെ വിളിച്ചു ..എന്നോട് പറയുന്നതിന് മുൻപേ ഡോക്ടർ സുലേഖയെ വിളിച്ചെന്നു തോന്നുന്നു ..അവൾ പറഞ്ഞു കുഴപ്പമില്ല നാളെ ഡിസ്ചാർജ് ചെയുന്നതാ നല്ലതു ..അമീറിനെ വിളിച്ചിട്ടു കിട്ടിയില്ല അവനെപ്പോഴും തിരക്കാ ..നീ ചെയ്തത് നന്നായി ..അവർക്കു പുറത്തിറങ്ങണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു ..

ഞാൻ ഞങളുടെ യാത്രയെ പറ്റിയും ഉമ്മയുടെ കൂടെ സമയം ചിവഴിച്ചതിനെ പറ്റിയും പറഞ്ഞു..അടുത്ത മാസം വന്നാൽ കാണാമെന്നും …

ഹോസ്പിറ്റൽ റൂമിൽ ഉമ്മ കണ്ണ് തുറന്നിരിക്കുന്നു ..ഞാൻ ആ കൈ പിടിച്ചു അവരുടെ അടുത്തിരുന്നു .. പിന്നെ ചോദിച്ചു ഉമ്മ ഒരു ജിന്നിന്റെ കഥ പറഞ്ഞു തരുമോ എന്ന് ചോദിച്ചു …ഉമ്മ എന്നെ നോക്കി പുഞ്ചിരിച്ചു …കൂടെ ഞാനും

എനിക്ക് പണ്ട് റാവുത്തറുപ്പ പറഞ്ഞത് ഓർമ്മ വന്നു ദൈവ സ്നേഹികളായ നാം കരുതേണ്ടത് നമുക്കുള്ളതൊക്കെ അത് സ്നേഹമാകട്ടെ,സമയമാകട്ടെ സമ്പത്താകട്ടെ അത് എല്ലാവരുമായും പങ്കിട്ടു ജീവിക്കണം അതാണ് ദൈവത്തിന്റെ ഇഷ്ടം..