ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (1 )
———————————————————–

കുട്ടിക്കാലത്തെ സ്വപ്നങ്ങളിൽ പലപ്പോഴും യാത്രകൾ ഉണ്ടായിരുന്നു ..ആരും ഇതുവരെ കാണാത്ത കാഴ്ചകൾ ആരും ഇതുവരെ എത്തിപ്പെടാത്ത പ്രദേശങ്ങൾ …അവിടേക്കുള്ള എൻ്റെ ഏകാന്ത യാത്രകൾ.. .അതിൽ ചിലതൊക്കെ ഓർമ്മിച്ചു എന്റെ ഡയറിയിൽ കുറിച്ചിടാറുമുണ്ട്.

എന്താണെന്നു അറിയില്ല ഇപ്പോഴൊത്തെ സ്വപ്നങ്ങൾക്കൊക്കെ അവ്യക്തത ഒന്നും ഓർമ്മയിൽ നില്ക്കുന്നില്ല.. അതുകൊണ്ടു കുറിച്ചിടാറുമില്ല..

ഒരു ദിവസം ഷൗകത്തേട്ടൻ ഡെറാഡൂണിൽ നിന്ന് വിളിച്ചു …..അങ്ങേരു മൂന്ന് മാസം മുൻപ് നാട് വിട്ടു വനവാസത്തിലാണ് ഹിമാലയ സാനുക്കളിലൂടെയുള്ള യാത്രയിൽ ….പ്രഭാഷകനും എഴുത്തുകാരനും സർവോപരി എൻ്റെ വഴികാട്ടിയുമായ ആയ അദ്ദേഹം ചിലപ്പോഴൊക്കെ തിരക്കിൽ നിന്ന് ഒരവധി എടുക്കാറുണ്ട്……

ആ അവധി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ബാംഗ്ളൂരിൽ കാണാമെന്നു പറഞ്ഞിരുന്നു. ചിലപ്പോൾ തീയതി പറയാനായിരിക്കും വിളിച്ചത് എന്നെ വിളിച്ചത് ..

നിങ്ങളെപ്പോഴാ വരുന്നത് ഷൗകത്തേട്ടാ ? ഞാൻ ചോദിച്ചു …ഏറിയാൽ രണ്ടാഴ്ച തീയതി ഞാനറിയിക്കാം എന്നായി ഷൗകത്തേട്ടൻ …

പെട്ടന്ന് എനിക്ക് തോന്നി …. ഈ രണ്ടാഴ്ച ഞാനങ്ങോട്ടു വന്നാലോ ? ഷൗകത്തേട്ടന്റെ കൂടെ കൂടിയാലോ ? ഞാൻ വെറുതെ അലസമായി ഒരാഗ്രഹം പറഞ്ഞു…. നീ ധൈര്യത്തോടെ ഇങ്ങു വാ നമുക്കു ഒന്ന് കറങ്ങാം താമസത്തിനുള്ള കാര്യങ്ങളൊക്കെ നമുക്ക് ശരിപ്പെടുത്താം എന്നെ ഞെട്ടിപ്പിച്ചുകൊണ്ടു ഷൗകത്തേട്ടൻ പറഞ്ഞു..

ഞാനാനിമിഷം ഹിമലയത്തിൽ എത്തിക്കഴിഞ്ഞിരുന്നു ..എങ്ങനെ പോകും എന്ന ചിന്തയൊന്നും അപ്പോൾ മനസ്സിൽ വന്നില്ല ..

ഷൗകത്തേട്ടൻ പോകണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് പറഞ്ഞു മുക്തേശ്വർ ,കർണപ്രയാഗ് , ഹൃഷികേശ്, ഹരിദ്ധ്വാർ …. പക്ഷെ ഞാനൊന്നും കേട്ടില്ല ..ആ നിമിഷം മുതൽ ഞാൻ മനസുകൊണ്ട് ഹിമവാനെ കാണാൻ പുറപ്പെട്ടിരുന്നു..

കുറച്ചു കഴിഞ്ഞു എനിക്ക് സ്ഥലകാല ബോധം ഉണ്ടായി ..ഞാൻ ഹിമാലയ സ്വപനങ്ങളിൽ നിന്ന് തിരിച്ചു ബാംഗളൂർ ഫ്ളാറ്റിലെ ബാൽക്കണിയിൽ തിരിച്ചെത്തി … എന്തായാലും തീരുമാനം ഒരുദിവസം കഴിഞ്ഞു അറിയിക്കാം എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു

അങ്ങനെ വളരെ കാലം സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന ഹിമവാനെ കാണാൻ ഞാൻ പോകുന്നു. നഷ്ടപ്പെട്ടുപോയ എന്തോ ഒന്ന് കിട്ടാൻ പോകന്നതുപോലെയാണ് എനിക്ക് തോന്നിയത് ….

ഓഫീസിൽ ലീവ് അപേക്ഷിച്ചു ..ജോലി തിരക്കു കുറഞ്ഞ സമയമായതു കൊണ്ട് ലീവ് തരായി ….

ശ്രീനിവാസൻ “ചിന്താവിഷ്ടയായ് ശ്യാമളയിൽ” ശബരി മലയ്ക്ക് പോയത് പോലെ ആകില്ലലോ എന്നായിരുന്നു “സഖി” അഖി ഇത് കേട്ടപ്പോ ചോദിച്ചത്..അതൊരു സമ്മതമായി ഞാൻ എടുത്തു ..

ഇനി എങ്ങനെ ഡെറാഡൂൺ എത്തിപ്പെടും എന്ന ചിന്തയായി ..തീവണ്ടിയാത്ര നന്നെങ്കിലും അത് കുറച്ചു ദിവസങ്ങൾ കാർന്നു തിന്നേക്കുമെന്നു തോന്നി ..അത് കൊണ്ട് വിമാന ടിക്കറ്റ് തരപ്പെടുത്തി… ..

അങ്ങനെ ജെറ്റ് എയരിൽ ജൂലൈ 2 നു ടിക്കറ്റ് കിട്ടി 11 നു തിരിച്ചു വരാനുള്ളതും .

സ്വപനങ്ങളെ യാഥാർഥ്യമാക്കി മേഘങ്ങളൊക്കെ കീറി മുറിച്ചു വിമാനം ഡെറാഡൂണിൽ പതുക്കെ നിലത്തിറങ്ങി…..വളരെ ചെറിയ വിമാനതാവളം.. പൈലറ്റ് വിമാനം കെട്ടിടത്തിന് അരികിൽ തന്നെ നിർത്തി… കാരണം അപ്പത്തന്നെ അവിടെ വരിവരിയായി നിൽക്കുന്ന ആളുകളെയും കൊണ്ട് അയാൾക്കു ഡൽഹിക്കു തിരിച്ചു പറക്കേണ്ടതാണ്
..
ബാഗും തോളിലിട്ട് ഞാൻ ഇറങ്ങി. അങ്ങ് ദൂരെ ”വെൽക്കം റ്റു ഡെറാഡൂൺ ” ഒരു വലിയ ബോർഡ്.. . വിമാനം മേഘം കീറിയതോണ്ടാണെന്നറിയില്ല സൂര്യൻ നല്ലവണം പുറത്തിറങ്ങിയിരുന്നു ..ഡെറാഡൂണിലെ വെയിലിന് നല്ല കുളിര് …

പുറത്തിറങ്ങി ടാക്സികാരനോട് ഷൗകത്തേട്ടൻ തന്ന മേൽവിലാസം കാണിച്ചു കാറിൽ കയറി ..

എയർപോർട്ട് റോഡ് കഴിഞ്ഞപ്പോ തന്നെ അവൻ ചില ഉടു വഴികളിലൂടെ വണ്ടി ഓടിച്ചു. ഇരുണ്ട കാടും മരങ്ങളും അറിയാത്ത വഴികളും ..എനിക്ക് പേടിയായി .. ചെറിയ പേടിയോടെ ആണെങ്കിലും ധൈര്യം സംഭരിച്ചു എന്തിന് ഈ റോഡ്? മാപ്പിൽ ഈ വഴി അല്ലാലോ കാണിക്കുന്നത് എന്ന് ഡ്രൈവറോട് ചോദിച്ചു..

അയാൾ പറഞ്ഞു നിങ്ങൾ പേടിക്കണ്ട സാബ്. മെയിൻ റോഡ് വളരെമോശമാ കൂടാതെ നല്ല ട്രാഫിക് ബ്ലോക്കും ഉണ്ടാകും ഇത് വഴിപോയാൽ 10 മിനിറ്റ് മുൻപേയെത്താം.

എനിക്കാശ്വാസമായി അത്ര നേരം ഞാൻ നോക്കി പേടിച്ച മരങ്ങളും , ഇരുളും , ചീവിടുകളും എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി ..പേടി മാറി ഞാൻ കാടും കാട്ടരുവികളും ആസ്വദിക്കാൻ തുടങ്ങി….മാറുന്നത് ഞാൻ മാത്രമാണല്ലോ ….

പോകുന്ന വഴിയിൽ കുറെ പാറക്കഷ്ണങ്ങളും അവിടെ ഒരു നദി ഉണ്ടായിരുന്നു എന്ന് തോന്നിപിക്കുന്ന പോലുള്ള സ്ഥലങ്ങളും കണ്ടു ..പണ്ട് ഷൊർണുർ വഴി തീവണ്ടിയിൽ പോകുമ്പോൾ നിള കാണുന്നതുപോലെ തോന്നി ..ഇതെന്താ ഇങ്ങനെ എന്ന് ഞാൻ ഡ്രൈവറോടു ചോദിച്ചു അവനു എൻ്റെ ഹിന്ദി അത്ര മനസിലായില്ല എന്ന് തോന്നുന്നു ….ഞാൻ കുറച്ചു ആംഗ്യഭാഷ കൂടി ചേർത്തപ്പോൾ അവനു കാര്യം മനസിലായി ..

കുറച്ചു മാസങ്ങൾക്കു മുൻപുണ്ടായ വെള്ളപൊക്കത്തിന്റെ അവശിഷ്ടങ്ങളാണിതൊക്കെ എന്നവൻ പറഞ്ഞു.
കേദാർ നാഥിൽ ഉണ്ടായ ദുരന്തത്തിൽ നിന്നും ഇനിയും ഇവർ മുക്തി നേടിയിട്ടില്ല എന്ന് തോന്നുന്നു ..മനുഷ്യർ പുഴകളെ തടയാൻ ശ്രമിച്ചപ്പോൾ പുഴകളൊക്കെ പുതിയ വഴികൾ തേടി പോയിരിക്കുന്നു..

കാർ ഷൗകത്തേട്ടന്റെ സുഹൃത്തായ വിശാലിന്റെ വീട് ലക്ഷ്യമാക്കി യാത്ര തുടർന്നു. ഏകദേശം വീട് എത്താറായി എന്ന് ഗൂഗിൾ ആന്റി പറഞ്ഞു ..അതാ ഷൗകത്തേട്ടൻ പാതയോരത്തിലൂടെ നടക്കുന്നു.. പുള്ളി നടക്കാനിറങ്ങിയതായിരുന്നു ..ഞാൻ ഉച്ചത്തിൽ വിളിച്ചു ഷൗകത്തേട്ടൻ തിരിഞ്ഞു നോക്കി

കാറിൽ നിന്നിറങ്ങിയ ഞാനും നടക്കാനിറങ്ങിയ ഷൗകത്തേട്ടനും വിശാലിന്റെ വീട്ടിലേക്കു കയറി.

വിശാൽ ഒരു യുവ കോമളൻ… വാതോരാതെ സംസാരിക്കുന്നു .. വിശാൽ പേരുകേട്ട യുവ കവിയും അവിടുത്തെ പരിസ്ഥിതി പ്രവർത്തകനുമാണ്….

വീട് മുഴവൻ പുസ്തകങ്ങൾ ഒരു വലിയ ലൈബ്രറിയിൽ കയറിയത് പോലുണ്ട് ..

ഊണ് കാലായി എന്നാ കഴിച്ചാലോ? തയ്യാറല്ലേ ? എന്ന് വിശാൽ …

എനിക്കൊന്നു കുളിക്കണം കുറെ യാത്രചെയ്തു വന്നതല്ലേ ഞാൻ വിശാലിനോട് പറഞ്ഞു .. വിശാൽ തൻ്റെ മകനെ വിളിച്ചു കുളിമുറി കാണിച്ചുകൊടുക്കാൻ പറഞ്ഞു

8 വയസുള്ള കുട്ടി അകത്തെ മുറിയിൽ നിന്ന് വന്നു ..നമസ്തേ അങ്കിൾ ഇതാ ഇതാണ് ബാത്റൂം സോപ്പ് ടവൽ എല്ലാം അവിടെയുണ്ട്…. വല്ലാത്തൊരു സൗമ്യത അവന്റെ സംസാരത്തിന് ..

ഡെറാഡൂണിലെ തണുത്ത വെള്ളത്തിൽ ഞാൻ അങ്ങ് ആഘോഷിച്ചു കുളിച്ചു ..

എല്ലാവരും ഒന്നിച്ചിരുന്നു ഊണ് കഴിച്ചു …ചോറ് ചപ്പാത്തി പരിപ്പുകറി അച്ചാർ മോരുകറി ഇവ കൂട്ടി ഒരു മൃഷ്ടാന്ന ഭോജനം ..എല്ലാം തീർത്തു പ്ലേറ്റ് ക്ലീനാക്കി വച്ചപ്പോൾ അതാ മേമ്പൊടിക്ക് ഒരു പഴുത്ത മാങ്ങാ ..അതിനെയും വിട്ടില്ല…വിത്ത് മാത്രം ബാക്കിവച്ചു …

കൈ കഴുകി കിടക്കയിൽ ഇരുന്നപ്പോഴേക്കും ഉറക്കം കണ്ണുകളിൽ ഊഞ്ഞാലാടാൻ തുടങ്ങി ..ഇതുകണ്ട വിശാൽ ഉറങ്ങാൻ നിർബന്ധിച്ചു …കൂടുതൽ തൂക്കാൻ ശ്രമിക്കാതെ ഉറങ്ങാൻ ഞാനും തീരുമാനിച്ചു ..
വൈകുനേരം വരെ അർമാദിച്ചുറങ്ങി ..

ഉറക്കം ഞെട്ടി ഞാൻ ചുറ്റും നോക്കി .. ഷൗകത്തേട്ടനും വിശാലും യാത്ര പ്ലാൻ ചെയുന്നത് കേട്ടു …ആദ്യ സ്റ്റോപ്പായ മുക്തേശ്വരിൽ എങ്ങനെ എത്തണമെന്നും അവിടെ എന്തൊക്കെ കാണണമെന്നും….

അതിനിടെ വിശാലിന്റെ മകൻ ചായയുമായി വന്നു ..അത് മോന്തിക്കുടിച്ചു കൊണ്ട് ഞാൻ യാത്ര ചർച്ചയിലേക്ക് കൂടി ..ഡെറാഡൂണിൽ നിന്നും ഹൽദ്ധ്വാനിയിലേക്കു ബസുണ്ട് അവിടുന്ന് മുക്തേശ്വരിലേക്കും വിശാൽ പറഞ്ഞു..

മുക്തേശ്വർ ആദ്യം പിന്നത്തെ കാര്യം പിന്നെ ഷൗകത്തേട്ടൻ എന്നോടായി പറഞ്ഞു, ..ഞാൻ തലയാട്ടി സമ്മതിച്ചു ..

നമുക്കൊന്നു നടന്നാലോ എന്നായി ഷൗകത്തേട്ടൻ ….ഞങ്ങൾ നടക്കാനിറങ്ങി വിശാൽ താമസികുന്നത് ഒരു മിലിട്ടറി ഹൗസിങ് കോളനിയിലാണ് ..കുറേ മരങ്ങളും കുറച്ചു വീടുകളും ചേർന്ന മനഹോരമായ ലേഔട്ട് വളരെ നല്ല രീതിയിൽ സൂക്ഷിക്കുന്നുമുണ്ട് …

ഷൗകത്തേട്ടന്റെ കൂടെ നടക്കുന്നത് എപ്പോഴും ഓരോ അനുഭവങ്ങളാണ് ..എത്ര ലളിതമായാണ് കാര്യങ്ങൾ പറയുന്നത്..ഞങ്ങൾ റോഡരികിലൂടെ നടന്നു ..

ഹാലോ ഷൌക്കത്ത് !!! ഒരു മധ്യവയസ്കൻ കൈ കാട്ടി പരിചയം പ്രകടിപ്പിച്ചു ..ഷൗകത്തേട്ടൻ തിരിച്ചൊരു ഹാലോ കൊടുത്തു ..

ആരാ അത് എന്ന് ചോദിക്കുന്നതിനു മുൻപേ ഷൗകത്തേട്ടൻ പറഞ്ഞു ..ഇന്നലെ മുടി വെട്ടാൻ പോയപ്പോ പരിചയപെട്ടതാ ..ഷൗക്കത്തു എന്ന് പേരുകേട്ടപ്പോൾ അയാൾ ചോദിച്ചു മുസ്ലിമാണോ എന്ന് ..ഞാൻ പറഞ്ഞു അല്ല ഞാൻ മനുഷ്യനാണെന്ന് …അയാൾക്കതു നന്നേ പിടിച്ചു…

നടന്നു നടന്നു വഴി തെറ്റിയെങ്കിലും ഞങ്ങൾ വിശാലിന്റെ വീട്ടിൽ തിരിച്ചെത്തി അതായിരുന്നല്ലോ ലക്ഷ്യവും …

വിശാൽ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു ..ബിജുജി 8 :30 നമുക്കിവിടുന്നിറങ്ങണം.. ഞങ്ങൾ ഭാണ്ഡങ്ങൾ റെഡിയാക്കി തയാറായി

ഞങ്ങൾ വിശാലിന്റെ മാരുതി കാറിൽ കയറി ബസ്റ്റാന്ഡിലേക്കു തിരിച്ചു ..ഞങ്ങൾ ബാംഗ്ളൂരിനെപറ്റിയും വിശാലിന്റെ കവിതകളെ പറ്റിയും സംസാരിച്ചു ..ഞാൻ വിശാലിനെ ബാംഗളൂറിലേക്കു ക്ഷണിച്ചു.. അയാളുടെ അളിയൻ ബാംഗളൂർ ആര്യസമാജത്തിലെ പൂജാരിയാണ് ..[ഞാൻ തിരിച്ചുവന്നപ്പോൾ ഇന്ദിര നഗറിലെ ആര്യസമാജത്തിൽ പോയി അവരെ കണ്ടിരുന്നു വിശാലിന്റെ ഭാര്യയേയും പരിചയപ്പെടാൻ പറ്റി ]

ഡെഹ്റാഡൂൺ ബസ്റ്റാൻഡിൽ ബസ്സ് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു…കൃത്യം 9 :45 നു സ്റ്റാർട്ട് ചെയ്തു …

കുഴികളോട് അമിത സ്നേഹമുള്ള ഡ്രൈവർ ..ആ അകൈതവ സ്നേഹം കാരണം എനിക്ക് ഉറങ്ങാൻ പറ്റിയില്ല ..രാത്രിയായതു കൊണ്ട് പുറം കാഴ്ചയും തരപ്പെട്ടില്ല ..

രാവിലെ 5 :30 നു തന്നെ ഞങ്ങൾ ഹൽദ്ധ്വാനി എത്തി ….

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ ( 2 )-

ഭാണ്ഡക്കെട്ടും തോളിലേറ്റി ഷൗകത്തേട്ടനും ഞാനും ബസ്സിൽ നിന്നും ഇറങ്ങി..കുലുങ്ങി കുലുങ്ങിയുള്ള യാത്രകാരണം ഒരു ചിവിട്ടി തടവൽ നടന്ന പോലെ ആയി ..


ഒന്ന് വലിഞ്ഞു മുറുകി ഹൽദ്ധ്വാനിയെ നോക്കി ..അവൾ ഞങ്ങളെ കണ്ടു ഉന്മേഷവതിയായി ..അതോ അവൾ എപ്പോഴും ഇങ്ങനെ തന്നെയായിരുന്നോ..അതെ അവളെപ്പോഴും അങ്ങനെ തന്നെ ..

ഹൽദ്ധ്വാനിക്കാർ ആ ദിവസത്തെ ജീവിതം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ..വലിയ ഫ്ലാസ്കിൽ ചൂട് ചായയുമായി ഒരാൾ നടക്കുന്നു …പച്ചക്കറികൾ അടുക്കിവയ്ക്കാൻ തുടങ്ങിയിരിക്കുന്നു അടുത്ത കടക്കാരൻ …..ഹൽദ്ധ്വാനിയുടെ ഉന്മേഷം അവൾ അവിടുത്തുകാർക്കു പകർന്നു കൊടുത്തിരിക്കുന്നു ..

പച്ചക്കറി കടയ്ക്കു മുൻപിൽ ഇന്നലെ ഇവിടെ പെയ്ത തണുത്ത മഴയിൽ കുളിർന്ന രണ്ടു ബസുകൾ അവിടെ നിർത്തിയിട്ടുണ്ട് ….ഒരാൾ അതിലൊരു ബസ് തുടച്ചു മിനുക്കുന്നു അവളുടെ ഇന്നത്തെ ദിവസം തുടങ്ങാനായി ..

ഹൽധ്വാനിയിൽ നിന്നും മുക്തേശ്വരിലേക്കുള്ള ബസ്സിനെ തേടി ഞങ്ങൾ റോഡ് മറികടന്നു ..രാവിലെ 6 മണി ആയിക്കാണും ..എന്റെ മുറി ഹിന്ദിയിൽ ഒരാളോട് ചോദിച്ചു മുക്തേശ്വർ ബസ്!!!! കിദർ ? …..അയാൾ നേരെ വിരൽചൂണ്ടി.. നിർത്തിയിട്ട ബസുകളിൽ ഒന്നിലേക്ക് ചൂണ്ടി കാണിച്ചു ..

കഷ്ടിച്ച് 15 പേർക്കിരിക്കാൻ പറ്റിയ ഒരു ബസ് ..നമ്മടെ നാട്ടിലെ മിനി ബസ്സ് ..ബസിന്റെ വാതിക്കൽ ഞങ്ങൾ നിന്നു . ഇത് 7 മണിക്കേ പോകുള്ളൂ ബസ് കഴുകി കൊണ്ടിരിക്കുന്ന കിളിയെ പോലെ തോന്നിയ ഒരു പയ്യൻ പറഞ്ഞു..
സാരില്യ എന്ന് ആഗ്യം കാണിച്ചു..ഒരു റെഡി മെയിഡ് ചിരി അവനു കൊടുത്തു ഞങ്ങൾ ബസിൽ കയറി സൈഡ് സീറ്റുപിടിച്ചു..കാഴ്ചകൾ കാണാനുള്ള ആർത്തി തന്നെ കാരണം ..

ചുരങ്ങളും മലകളും പുഴകളും പിന്നെ ഹിമാലയം കാണാനുള്ള കൊതിയും സമയം ആപേക്ഷികമാണെന്നു എന്നെ പഠിപ്പിച്ചു ..

അരമണിക്കൂർ കഴിഞ്ഞപ്പോൾ ആളുകൾ കയറാൻ തുടങ്ങി..
കുറെ പെൺ കുഞ്ഞുങ്ങൾ ആടി പാടി ബസിലേക്ക് കയറി അതിനിടെ അവരെ ബസ് വരെ അനുഗമിച്ചവർക്കു നമസ്കാരം കൊടുക്കാനും അവർ മറന്നില്ല .. ചുവന്ന യൂണിഫോം അവർക്കു നന്നായി ചേരുന്നു …ഡ്രൈവർ സീറ്റിനു പിറകിലുള്ള ബെഞ്ചിൽ അവർ കയറി ഇരുന്നു ..അവിടെ ഇരുന്നാൽ എല്ലാ യാത്രക്കാരെയും കാണാം ..സ്ഥിരം കാണാത്ത രൂപങ്ങളായതുകൊണ്ടാകാം ആ കണ്ണുകൾ ഞങ്ങളിൽ ഉടക്കി പിന്നെ ഒരു കുസൃതി ചിരിയും ഞങ്ങൾക്കു സമ്മാനിച്ചു അവർ അവരുടെ കാര്യങ്ങളിലേക്ക് തിരിഞ്ഞു..

കുറച്ചു കഴിഞ്ഞു മധ്യവയസ്കരായ രുണ്ടുപേരും കയറി, കുട്ടികൾ സ്കൂളിലെന്നപോലെ ഒന്നിച്ചെഴുനേറ്റു തൊഴുത് നിന്നു … അവർ സ്കൂളിലെ ടീച്ചർമാരായിരുന്നു ..കുട്ടികളുടെ അടുത്ത് തന്നെ അവർ ഇരുന്നു

പിന്നെ കയറിയത് കുറച്ചു വെളുത്ത വസ്ത്രം ധരിച്ച സ്വാമിനി മാരായിരുന്നു..ടീച്ചർമാരും കുട്ടികളും സ്വാമിനിമാരെ നമസ്കരിച്ചു അവർ ഇരിക്കുന്നത് വരെ ബഹുമാനത്തോടെ നിന്നു….

പരസ്പര ബഹുമാനവും സ്നേഹവും അനുകമ്പയും എല്ലാം നേരിൽ കണ്ടു കണ്ണ് കുളിർത്തു ..അങ്ങനെ ഹൽദ്ധ്വാനിയിലെ എൻ്റെ ദിവസവും നന്നായി ആരംഭിച്ചു ..

കുറച്ചു കച്ചവടക്കാർ കൂടി കയറി……നിലത്തു വച്ച ബാഗ് മടിയിൽ വച്ച് ഞാനും റെഡിയായി ….

കട്ടി മീശയുള്ള ഒരു ചെറുപ്പക്കാരനായിരുന്നു ഡ്രൈവർ..
പ്രത്യേക രീതിയിൽ വാതിൽ തുറന്നു റോഡിൽ നിന്നും തന്റെ സീറ്റിലേക്ക് അയാൾ പറന്നിരുന്നു..ദൈവങ്ങളുടെ ഫോട്ടോ തൊട്ടു പ്രാർത്ഥിച്ച ശേഷം അതിന് പിന്നിൽനിന്നും ചീർപ്പെടുത്തു മുടി കോതിയൊതുക്കി. കണ്ണാടിയിലൂടെ യാത്രക്കാരെ മൊത്തം പഠിച്ചു ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ അയാൾ ബസ് സ്റ്റാർട്ട് ചെയ്തു ..

മുഖത്ത് കട്ട പുക അടിച്ചപ്പോഴാണ് ഞാൻ പുകക്കുഴലിന്റെ നേരെ മുകളിലുള്ള സീറ്റിലായിരുന്നു എന്ന് മനസിലായത്… നല്ല മണ്ണെണ്ണയുടെ മണം …

എങ്ങോട്ടേക്കാ ? അടുത്തിരുന്ന ആൾ ചോദിച്ചു !…മുക്തേശ്വർ എന്നേ ഞാൻ പറഞ്ഞുള്ളൂ ബാക്കി യാത്ര പ്ലാൻ വിസ്തരിച്ചു പറയാനുള്ളത്ര ഹിന്ദി എന്റെകയിൽ സ്റ്റോക്കുണ്ടായിരുന്നില്ല മാത്രമല്ല നേരത്തെ പറഞ്ഞത് പോലെ ഞങ്ങളുടെ യാത്ര മുൻകൂട്ടി തീരുമാനിക്കാത്ത യാത്രയായിരുന്നു ….നമ്മുടെ ജീവിതയാത്രയും അങ്ങനെ തന്നെ ….

ഹൽദ്ധ്വാനി ആദ്യമായിട്ടാണോ ? എന്നെ വെറുതെ വിടാൻ അയാൾ തീരുമാനിച്ചിട്ടില്ല എന്ന് തോന്നുന്നു .അതെ എന്നു ഞാൻ മൂളി.. മൂളാൻ ഹിന്ദി അറിയേണ്ടല്ലോ

അതൊരു അവസരമായി എടുത്തു അദ്ദേഹം ഹാൽദ്വാനിയെ കുറിച്ച് തുടങ്ങി …നിങ്ങൾക്കറിയാമോ കടമ്ബ വൃക്ഷത്തിന്റെ കാട് എന്നാണ് ഹൽദ്ധ്വാനിയുടെ അർത്ഥം …കൃഷ്ണന് പ്രിയപ്പെട്ട മരമായിരുന്നത്രെ, അവന്റെ കേൾവികേട്ട “ലീലാ”വിലാസങ്ങൾ നടന്നത് ഈ മരത്തിലാണ്… മുല്ലപ്പൂവിന്റെ മണമുള്ള പൂവുകളുള്ള മരം …

അയാൾ തുടർന്നു .. ഇവിടം ഭരിച്ചിരുന്നത് ചാന്ദ് രാജവംശമായിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ചാന്ദ് രാജകുടുംബത്തിന് ഡൽഹി സുൽത്താൻ എഴുതി കൊടുത്തതാണത്രേ ഹൽധ്വനി അടങ്ങുന്ന ഭൂ പ്രദേശം .
ബ്രിട്ടീഷ്‌കാരാണ് റോഡും റെയിലും അവിടെ കൊണ്ടുവന്നത് . ഇപ്പോൾ ഹൽദ്ധ്വാനി ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ നൈനിറ്റാൾ ജില്ലയുടെ ഭാഗമാണ്..

അയാളുടെ ഈ ചരിത്ര ക്‌ളാസിനിടെ എന്റെ പിന്നിലെ സീറ്റിൽ ഒരു സുന്ദരി വന്നിരുന്നു ….

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (3 )…………

അവൾ തല മറച്ചിരുന്ന കടും നീല ഷാളെടുത്തു ബാഗിൽ വച്ചു ..
വലതു കണ്ണ് മറച്ചു നിൽക്കുന്ന മുടി കൈകൊണ്ടു ഒതുക്കി ബാഗിലിരുന്ന “ദി ഹവാക് ” എന്ന പത്രം എടുത്ത് അവൾ അതിൽ കണ്ണോടിച്ചു കൊണ്ടിരുന്നു …


ബസ്സ് മെല്ലെ ആടി ആടി ആ സ്റ്റാൻഡിൽ നിന്നും മെയിൻ റോഡ് ലേക്ക് കയറി ..അനുസരണയില്ലാത്ത മുടി അവൾ കൈകൊണ്ടു ഒതുക്കികൊണ്ടേയിരുന്നു…..


പിന്നിൽ ഒറ്റയ്ക്കിരിക്കുന്ന സുന്ദരി ..സ്വാഭാവികമായും അവളോട് ചോദിക്കാതെ അവളുടെ സംരക്ഷണം ഞാൻ ഏറ്റെടുത്തു .

മെയിൻ റോഡിൽ കയറിയ ബസ് അവിടെ റോഡരികിൽ നിർത്തി.. ഒരു യുവാവ് കയറി ഏകദേശം 18 വയസു തോന്നിക്കുന്ന മെലിഞ്ഞ പയ്യൻ…. തോളിൽ നിന്നും ഊർന്നു വീണ നീളമുള്ള തുണി ബാഗ് പിടിച്ചുകൊണ്ടു അവൻ ഇരിക്കാൻ ഇടം നോക്കി ..ഒറ്റയ്ക്കിരിക്കുന്ന ആകാംഷയുടെ അടുത്തന്നെ അവൻ ഇരിക്കാൻ തീരുമാനിച്ചു…. അവളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന എനിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല …


ബസ് മുക്തേശ്വരിലേക്ക് യാത്ര തുടങ്ങി …..അവൾ വായിച്ചുകൊണ്ടിരിക്കുന്ന പത്രം വായിക്കാൻ അവനും ശ്രമിക്കുന്നുണ്ടായിരുന്നു… അവൾ പത്രം അവനുകൊടുത്തു..

സ്പോർട്സ് പേജ് മാത്രം വായിച്ചു തിരുച്ചുകൊടുക്കുമ്പോൾ അവൻ സ്വയം പരിചയപ്പെടുത്തി എൻ്റെ പേര് അമൽ, മുക്തേശ്വർ IVRI ൽ പഠിക്കുന്നു ഇന്ന് ഫസ്റ്റ് ഡേ ആണ് ..നിങ്ങൾ ?
അവൾ മനോഹരമായി മന്ദഹിച്ചു പിന്നെ പറഞ്ഞു …ഞാൻ ആകാംക്ഷ മുക്തേശ്വരിലെ ടൂറിസം ഡിപ്പാർട്മെന്റിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയിജോലി ചെയുന്നു ..


എത്ര മനോഹരമായ പരിചയപ്പെടൽ .. അവർ തമ്മിൽ നടന്ന സംഭാഷണങ്ങളിലെ ബഹുമാനവും വ്യക്തതയും എന്റെ കാഴ്ചപ്പാട് ആകെ മാറിമറിച്ചു .. മുൻവിധിയോടെ ആളുകളെ മനസ്സലിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി ..


IVRI !! അമൽ പഠിക്കാൻ പോകുന്ന സ്ഥലം ഞാൻ ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ ?… എൻ്റെ മനോഗതം കുറചുച്ചത്തിലായിപോയി… അടുത്തിരിക്കുന്ന ചരിത്ര അധ്യാപകനെ അത് തൊട്ടുണർത്തി ..അദ്ദേഹം സടകുടഞ്ഞെഴുനേറ്റു ..


എല്ലാം അറിയും എന്ന ഭാവേന അദ്ദേഹം പറഞ്ഞു അത് ഐവറിയോ ആന കൊമ്പോ ഒന്നുമല്ല ..ഇന്ത്യൻ വെറ്റിനറി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്…. മൃഗ രോഗങ്ങൾക്കുള്ള മരുന്ന് ഗവേഷണം, അതുമായി ബന്ധപ്പെട്ട മറ്റു ഗവേഷണങ്ങൾ ഒക്കെയാണ് അവിടെനടക്കുന്നത് , കൂടാതെ വിവിധ തരത്തിലുള്ള മാംസ്യ ആഹാര പരീക്ഷണങ്ങളും അവിടെ നടന്നുവരുന്നു..

പിന്നിൽ അമലും ആകാംഷയും എന്തോകാര്യമായി സംസാരിക്കുന്നുണ്ട് ഞാൻ അത് ശ്രദ്ധിക്കാൻ ശ്രമിച്ചു ..ഈ ഹിസ്റ്ററി ക്‌ളാസ് എങ്ങനെ കട്ട് ചെയ്യണമെന്ന് ഒരു പിടിയുമില്ല …


IVRI നിങ്ങളുടെ ബാംഗ്ലൂരിലും ഉണ്ടല്ലോ നിങ്ങൾക്കറിയില്ല ? മാസ്റ്റർജി പിന്നെയും … ഞാനൊന്നു ചമ്മി .പണ്ട് RT നഗറിൽ താമസിക്കുന്നകാലത്തു വെറ്റിനറി കോളേജ് ബസ് സ്റ്റോപ്പിൽ ഇറങ്ങി നടക്കാറുണ്ടായിരുന്നു….


ചുരം തുടങ്ങി ..അയാളിൽ നിന്ന് രക്ഷപെടാൻ ഞാൻ പുറം കാഴ്ചകളിൽ ശ്രദ്ധ തിരിച്ചു ..

ചുരം പകുതി കയറിയ ക്ഷീണത്തിൽ ബസ് “ബിംതാളിൽ” ചായകുടിക്കാൻ നിന്നു.. എല്ലാവരും പുറത്തിറിങ്ങി .. ആദ്യമേ പുറത്തിറങ്ങിയ ഷൗകത്തേട്ടൻ എന്നെ നോക്കി ചായ എന്നാഗ്യം കാണിച്ചു ..ഹിസ്റ്ററി മാസ്റ്റർ, ഭീം താൾ എന്ന് പറഞ്ഞു തുടങ്ങി …അവിടെ നിന്ന് രക്ഷപെടാൻ കിട്ടിയ അവസരം ഞാൻ പാഴാക്കിയില്ല..ഒരു ചായ ഞാനും പറഞ്ഞു ..

ചൂട് ചായ കുടിക്കുന്നതിനിടെ എൻ്റെ ശ്രദ്ധ ആകാംക്ഷയിലും അമലിലും ആയി, ചായക്കടയുടെ മുന്നിലിരിന്നു തമാശകൾ പറഞ്ഞു ചിരിക്കുകയും,വളരെ കാര്യത്തിൽ സംസാരിക്കുകയും പിന്നെ അന്യോന്യം സ്നേഹത്തോടെ അടിപിടി കൂടുന്നുമുണ്ട് ….
ചരിത്ര സാർ കാരണം അവരുടെ കുറച്ചു വിശേഷങ്ങൾ എനിക്ക് മിസ് ആയി എന്നാ തോന്നുന്നേ …

എങ്ങനുണ്ട് യാത്ര ? ഷൗകത്തേട്ടൻ ചൂട് ചായ മോന്തിക്കുടിക്കുന്നതിനിടെ ചോദിച്ചു ..

മനോഹരം….. ഇതുവരെ കാണാത്ത കേൾക്കാത്ത കാഴ്ചകൾ ….
ഹൽദ്ധ്വാനി, കാത്തഗോധാം , വഴി യാണ് ഞങ്ങൾ ഭിംത്താൽ എത്തിയത്.. ഇനി ഇവിടുന്നു ബാവാലി അതുകഴിഞ്ഞാണ് മുക്തേശ്വർ.

ചുരങ്ങളും മലകളും നമ്മുടെ താമരശ്ശേരി ചുരത്തിനെക്കാൾ എത്രയോ വലുത് …മുകളിലെ മലകളിൽ നിന്ന് വാഹനങ്ങൾ താഴോട്ട് വരുന്നതും താഴെയുള്ള മലകളിൽ നിന്ന് വാഹനങ്ങൾ മുകളിലോട് വരുന്നതും അങ്ങകലെ വ്യക്തമായി കാണാൻ പറ്റുന്നുണ്ട് …

താഴെ ഗൗള നദി ശാന്തമായി ഒഴുകുന്നു ..ഗൗള നദി കുറേദൂരം ഒഴുകി രാംഗംഗ നദിയുമായി ചേർന്നു ഗംഗാനദിയുടെ പോഷകനദി ആയി മാറുന്നുണ്ട് …

നമ്മുടെ ഭാരതപ്പുഴ പോലെ ഗൗളയും മെലിയാൻ തുടങ്ങിയിരിക്കുന്നു ..വ്യായാമമോ ഭക്ഷണ ക്രമീകരണമോ ഒന്നുമല്ല അതിനു കാരണം, മനുഷ്യരുടെ ഖനനവും മറ്റും തന്നെ. നല്ലവരായ നാട്ടുകാർ നദിക്കുവേണ്ടി സമരം നടത്തുന്നുമുണ്ട്..
ഗൗളയിലെ വെള്ളം കൃഷിക്കുപയോഗിക്കാൻ വേണ്ടി ഒരു ചെറിയ ഡാം കാത്തഗോധാമിൽ നിർമിച്ചിട്ടുണ്ട് ..

ഭാരതത്തിൻറെ തടാക നഗരിയായ നനിറ്റാളിലെ സത്താൽ തടാകത്തിൽനിന്നാണ് ഗൗളയുടെ ഉത്ഭവം .
ഞങ്ങൾ ചായകുടിച്ചു കൊണ്ടിരിക്കുന്ന ഭിംത്തലിനടുത്താണ് ഏഴു തടാകങ്ങൾ കൂടിച്ചേർന്നത് എന്ന് അർത്ഥമുള്ള സത്താൽ സ്ഥിതി ചെയുന്നത്. അതിന് ചുറ്റുമുള്ള കാട് വർണ്ണ ശലഭങ്ങളുടെ ആവാസകേന്ദ്ര മാണ് കൂടാതെ ദേശാടനപക്ഷികൾക്കു ഇഷ്ടമുള്ള ഇടം കൂടിയാണ് സത്താൽ ..

ഭിംത്താൽ പേര് പോലെത്തന്നെ തടാക നഗരിയിലെ ഭീമനാണ്. ഈ തടാകത്തിനു നടുവിൽ ഒരു ചെറിയ ദ്വീപുണ്ട് ..പണ്ട് ആദ്വീപിൽ ഒരു ഭക്ഷണശാലയുണ്ടായിരുന്നത്രെ. പിന്നീട് തടാക രക്ഷാസമിതി അത് അടച്ചിട്ടു.. ആ നല്ല ബുദ്ധി കാരണം ഭിംത്താളിൽ തെളിഞ്ഞ വെള്ളമാണ് കൂടാതെ കുറെ അരയന്നങ്ങളുടെ വീടും ..

പണ്ട് പാണ്ഡവർ വനവാസത്തിലായിരുന്നപ്പോൾ വെള്ളം കിട്ടാതെ വലഞ്ഞു എന്നും ഭീമൻ ഗദകൊണ്ട് വെള്ളത്തിന് വേണ്ടി കുഴിച്ചതാണിതെന്നു ഒരു പഴംപുരാണവുമുണ്ട് …. തടാകത്തിനു 5 കിലോമീറ്റർ അകലെ ഹിഡുംബി മലയും ഉണ്ട്….പേരുകേട്ട ശിവ ,നാഗ അമ്പലങ്ങൾ ഇവിടെയുണ്ട് …

മീശ കാരൻ പയ്യൻ ഡ്രൈവർ ചായകുടിച്ചു കൂടെ സംസാരിച്ചുകൊണ്ടിരുന്ന ട്രാഫിക് പോലീസിനോട് തിരിച്ചു വരുമ്പോൾ കാണാമെന്ന് പറഞ്ഞു…

അതാ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ സീറ്റിൽ പറന്നിരുന്നു..
..എല്ലാരും കേറിൻ അയാൾ ഉച്ചത്തിൽ അലറി …

ഞാനും ഷൗകത്തേട്ടനും കയറി ..

ആകാംഷയുടെയും അമലിന്റെയും സീറ്റിൽ അവരില്ല !! …ഞാൻ ചുറ്റും നോക്കി …

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (4 )…………

ആകാംക്ഷയും അമലും , അവർ വരുന്നത് വരെ ബസ് യാത്ര ആരഭിച്ചല്ല …

ഏകദേശം രണ്ടു -മൂന്ന് മിനിറ്റ് കഴിഞ്ഞു അവർ എത്തി ..എല്ലാവരോടും ചിരിച്ചു അവരുടെ മുഖത്തെ സന്തോഷം എല്ലാവരുടെയും മുഖത്തെക്കു പടർന്നു ..
.
ബസിലെത്തിയ ആകാംക്ഷ തൻ്റെ ലാപ്ടോപ്പ് ബാഗും ലഞ്ച് ബോക്സും , അമൽ തന്റെ നീളൻ സഞ്ചിയും എടുത്തു ബസിൽ നിന്നിറങ്ങാൻ തയാറെടുക്കുകയാണ് .. ഇവരിതെങ്ങോട്ടാ ? ഞാൻ ചോദിക്കാൻ വിചാരിച്ച ചോദ്യം ഹിസ്റ്ററി മാസ്റ്റർ ചോദിച്ചു …?

ഞങ്ങൾ ബൻസാലി വില്ലേജിലേക്കാണ് ഞങ്ങളുടെ ബന്ധുക്കളൊക്കെ അവിടെയാണ് അമൽ പറഞ്ഞു ..
ഹിസ്റ്ററി മാസ്റ്ററുടെ അടുത്ത ചോദ്യത്തിന് മുൻപേ അമൽ ചിരിച്ചുകൊണ്ട് പറഞ്ഞു .. ഇന്നെനിക്കു ഒരു വലിയ കാര്യം ചെയ്തു തീർക്കാനുണ്ട് ..

ഞാൻ ആകാംക്ഷയെ നോക്കി കുറച്ചു മുൻപ് വരെ വാതോരാതെ സംസാരിച്ചിരുന്ന അവളുടെ കണ്ണുകൾ അപ്പോൾ നനഞ്ഞിട്ടുണ്ടായിരുന്നു ..

അവർ ഭിംത്തലിലെ ബസ്റ്റോപ്പിൽ ബസാനി ബസിനു വേണ്ടി കാത്തു നിൽക്കാൻ വിട്ടു … ബസ് മുക്തേശ്വർ ലേക്ക് യാത്ര തിരിച്ചു എല്ലാവരും അവർക്കു യാത്ര മംഗളങ്ങൾ നേർന്നു …

അടുത്ത കയറ്റത്തിലെ ബസ്റ്റോപ്പിൽ ബസ് നിർത്തി.. ബസിലുണ്ടായിരുന്ന കുട്ടികളും ടീച്ചർമാരും ഇറങ്ങി.അപ്പോൾ കേട്ട മണി നാദം സ്കൂൾ അസംബ്ലി തുടങ്ങാനുള്ള തായിരിക്കണം വലതു വശത്തു സ്കൂളിനോട് ചേര്ന്നുള്ള മൈതാനത്തേക്ക് അവർ നടന്നുപോകുന്നതും നോക്കി ഞാനിരുന്നു ..
ഞാനെൻറെ സ്കൂൾ ഓർത്തു

വളരെ പച്ചപ്പും ഹരിതാഭയും നിറഞ്ഞ കീഴുർ ഗ്രാമത്തിലെ വാഴുന്നവർസ് യു പി സ്കൂളിലായിരുന്നു എൻ്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയത് ……

രോഹിണി ടീച്ചറും ,കമല ടീച്ചറും പപ്പൻ മാഷും രാജി ടീച്ചറും അച്ചാമ്മ ടീച്ചറും സാറാമ്മ ടീച്ചറും കാർത്യായനി ടീച്ചറും ..നല്ല തേനൂറുന്ന ഓർമ്മകൾ മാത്രം തരുന്ന എൽ ൽപി സ്കൂൾ കാലം …

സ്കൂളിൽ ചേർന്നപ്പോഴുണ്ടായ ഒരു രസകരമായ സംഭവമുണ്ട് ..


എൻ്റെ വീടിനടുത്തായിരുന്ന സ്കൂൾ .. എപ്പോഴും സ്കൂളിൽ മുന്നിലൂടെ പോകുമ്പോൾ എന്തോ ഒരു ആകർഷണം ഉണ്ടായിരുന്നു ..എത്രയും വേഗം അഞ്ചു വയസാകാണെ എന്ന് പ്രാര്ഥിക്കാറുണ്ടായിരുന്നു. എന്നിട്ടുവേണം സ്കൂളിൽ പോകാൻ.. അഞ്ചാം വയസിലാണ് ഒന്നിൽ ചേർക്കുക എന്നാ അച്ഛൻ പറഞ്ഞത് …

ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ മാത്രമേ കീഴുർ സ്കൂളിൽ ഉള്ളൂ അത് കഴിഞ്ഞു തൊട്ടടുത്തുള്ള ഇരിട്ടി ഹൈസ്കൂളിൽ തന്നെ പഠിക്കണം.. ആ ഹൈസ്കൂളിൽ ഇടയ്ക്കിടെ സമരങ്ങൾ ഉണ്ടാകും ആ ദിവസങ്ങളിൽ ക്ളാസ്സുകൾ നടക്കാറില്ല അതൊക്കെ ആസ്വദിക്കണം.. ഇതൊക്കെയാണ് സ്കൂൾ പോകാനുള്ള ആഗ്രഹത്തിന് പിന്നിൽ …

അന്ന് ജൂൺ രണ്ട് .. സ്കൂൾ തുറക്കുന്ന ദിവസം…. എൻ്റെ ആദ്യത്തെ സ്കൂൾ ദിവസം … അമ്മ ബാഗിൽ പുതിയ പുസ്തകവും സ്ലേറ്റും പെൻസിലും വച്ച് തന്നു ..എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു എനിക്കന്ന് ..

അന്ന് അച്ഛന്റെ കൂടെ വീടിനു മുന്നിലുള്ള ഇടവഴിയിലൂടെ സ്കൂളിലേക്ക് ഞാൻ ഓടുകയായിരുന്നു . അച്ഛൻ എന്റെ കൂടെ എത്താൻ വേഗത്തിൽ നടന്നു.

ഒന്നാം ക്ലാസ് എ യിലാണ് കയറിയത് റോഡിനരികിലുള്ള ക്ലാസ്സ്റൂം ..വെളുത്ത സാരിയിൽ ഒരു മാലാഖയെ പോലെ രോഹിണി ടീച്ചർ എന്നെ മാടി വിളിച്ചു ..അച്ഛന്റെ കൈ വിട്ടു ഞാൻ ഓടി മുന്നിലുള്ള ബെഞ്ചിൽ തന്നെ ഇരുന്നു ..

നാൽപതുപേരെങ്കിലും അവിടെ ഉണ്ടായിരുന്നു ആദ്യ ദിവസമായതിനാൽ കുറച്ചുപേർ കരയുന്നണ്ടായിരുന്നു. കുറച്ചുപേർ എല്ലാം അറിയുന്നഭാവത്തിൽ ഇരിക്കുന്നു കുറച്ചുപേർ എന്നെ പോലെ അന്തം വിട്ടു എല്ലാം നോക്കി ഇരിക്കുന്നു , കുറച്ചുപേർ ചുറ്റും ഓടി കളിക്കുന്നു. രോഹിണി ടീച്ചറും ,അച്ചാമ്മ ടീച്ചറും തലോടിയും മെല്ലെ ശകാരിച്ചും കുട്ടികളെ നിലക്ക് നിർത്താൻ ശ്രമിക്കുന്നുണ്ട് ..

ബെൽ അടിച്ചു… അച്ചാമ്മ ടീച്ചർ ഹാജർ പട്ടികയെടുത്തു പറഞ്ഞു ..ഞാൻ പേര് വിളിക്കുന്നവർ തൊട്ടടുത്തുള്ള രണ്ടാം ക്ലാസ്സിൽ പോയിരിക്കണം ..അപ്പോഴാണെനിക്ക് മനസിലായത് കുറച്ചുപേർ രണ്ടാംക്ലാസ്സിലേക്ക് പാസ്സാകുന്ന സുദിനം കൂടിയാണിന്ന് ..

ടീച്ചർ പേര് വിളിച്ചു തുടങ്ങി ..രവി,റാബിയ ,സുരേഷ് ,…..ഓരോരുത്തരായി രണ്ടാം ക്ലാസിലേക്കു പോയിക്കൊണ്ടിരുന്നു ഒന്നാം ക്ലാസിലെ തിരക്ക് കുറഞ്ഞു കൊണ്ടിരുന്നു ..

ബിജു!!!! ..ഹാജർ പട്ടിക നോക്കി ടീച്ചർ വിളിച്ചു..

സ്കൂളിലെ തെങ്ങിൻ തോപ്പുകൾ നോക്കി ഇരുന്ന ഞാൻ ഞെട്ടിപ്പോയി ..ഞാനെന്തിന് രണ്ടാം ക്ലാസിൽ പോകണം? വേറെ എന്തെങ്കിലും ബിജു ആയിരിക്കണം..ഞാൻ തീരുമാനിച്ചു ..

പക്ഷെ ആരും എഴുന്നേറ്റില്ല …..

പിന്നെയും ടീച്ചർ വിളിച്ചു ബിജു വന്നിട്ടില്ലേ ??..”ബിജു സി വി” …ഓ എനിക്കാശ്വാസമായി ഞാൻ “ബിജു ഇ കെ” ആണല്ലോ …
വരാത്ത ബിജുവിന് വേണ്ടി ലേലം ഉറപ്പിക്കാൻ ടീച്ചർ പറഞ്ഞു “ബിജു ചെറിയ വീട്ടിൽ” വന്നിട്ടുണ്ടോ? (സി വി =ചെറിയ വീട്ടിൽ )?.. ആരും പോയില്ല അച്ചാമ്മ ടീച്ചർ അടുത്ത പേര് വിളിച്ചു ലീന…..ലീന ബാഗുമെടുത്തു രണ്ടിലേക്കു നടന്നു..

തെങ്ങിൻ തോപ്പിൽ നിന്നു എൻ്റെ ചിന്ത “ബിജു ചെറിയ വീട്ടിൽ” ൻറെ പിന്നിലേക്ക് പോയി …

അങ്ങനെ ഒരാളുണ്ടാകുമോ ? അതോ എന്റെ വീട് ചെറുതല്ലേ അതുകൊണ്ട് എന്നെ ആയിരിക്കുമോ വിളിച്ചത് ? ആകെ കൺഫ്യൂഷനായി …അവസാനം ഞാൻ തീരുമാനിച്ചു ചെറിയ വീടുള്ള ഞാൻ തന്നെ യാണ് രണ്ടിലേക്കു പോകേണ്ട “ബിജു ചെറിയ വീട്ടിൽ ” …അങ്ങനെ ഒന്നാം ക്ലാസ്സിൽ ഒരു ദിവസം പോലും ഇരിക്കാതെ ഞാൻ രണ്ടിലേക്കു പോയി ..

സമയം കുറെ കഴിഞ്ഞപ്പോൾ രണ്ടാം ക്ലാസ് ടീച്ചർ രാജൻ മാഷ് വന്നു എല്ലാരും എഴുന്നേറ്റു നമസ്‌കാരം പറഞ്ഞു എല്ലാരും ചെയ്തപോലെ ഞാനും ചെയ്തു … ..

പ്രാര്ഥനയ്ക്കുള്ള മണി അടിച്ചു.. ആദ്യമായി സ്കൂളിൽ എത്തിയ എനിക്ക് മണി അടിച്ചതെന്തിനാണെന്ന് അറിയില്ലായിരുന്നു…പ്രാത്ഥനയ്ക് എഴുനേൽക്കാതെ ബെഞ്ചിൽ ഇരുന്ന എനിക്ക് മാഷിന്റെ ചൂരൽ കഷായം ആദ്യത്തെ ദിവസം തന്നെ കിട്ടി.

ആകെ ഒരു സ്റ്റേഷൻ കിട്ടാത്ത അവസ്ഥയിലായി ഞാൻ എന്ത് ചെയ്യണം ഒരു പിടിയും കിട്ടണില്ല ..ബാക്കിയെല്ലാവർക്കും വേറെ പുസ്തകങ്ങൾ ..ഞാൻ ഒന്നാം ക്ലാസിലെ ബുക്കുമായി രണ്ടിൽ ഇരിക്കുന്നു .

രണ്ടാം ക്‌ളാസിലെ ആദ്യ മണിക്കൂർ കഴിഞ്ഞുള്ള ഇടവേളയിൽ.. കുറച്ചു കഴിഞ്ഞപ്പോ ഹോട്ടൽ നടത്തുന്ന രാമേട്ടന്റെ മകൻ ഓടി കിതച്ചു വന്നു..

രാജൻ മാഷ് അവനോട് പേര് ചോദിച്ചു എന്താ ?

അവൻ പറഞ്ഞു ഞാൻ ബിജു ….”ബിജു സി വി” വൈകി വന്നതിനു ഒരു അടിയും സമ്മാനിച്ചു മാഷ് അവനെ ക്ലാസിൽ കയറ്റി …

അപ്പോഴാണ് എനിക്ക് സംഭവം പിടികിട്ടിയത്..ഇവനാണ് ഒറിജിനൽ..ഞാൻ വെറും ഡ്യൂപ്ലിക്കേറ്റ് ..

.പക്ഷെ ഒന്നിൽ പഠിക്കാതെ രണ്ടിലേക്കു കയറ്റം കിട്ടിയ എനിക്ക് തിരിച്ചൊന്നിലേക്ക് പോകാൻ മടി.. ഞാൻ മിണ്ടാതെ രണ്ടിൽ തന്നെ ഇരുന്നു …

ആ സമയതാണ് മുതിർന്ന ക്ലാസിലുണ്ടായിരുന്ന എന്റെ അയൽ കാരനും കളി കൂട്ടുകാരനുമായ രാജുവേട്ടനും വിനുവേട്ടനും റസാഖിക്കയും അന്ന് സ്കൂളിൽ ചേർന്ന എന്നെ കാണാൻ വന്നത് …പക്ഷെ അവർ കണ്ടത് ഒന്നാം ക്ളാസിൽ പോകാതെ രണ്ടിൽ ഇരിക്കുന്ന എന്നെയാണ് …

തിരിച്ചു പോകാൻ മടിച്ചു അനങ്ങാതെ നിന്ന എന്നെ അവർ പൊക്കിയെടുത്തു ഒന്നിലിരുത്തി….

അങ്ങനെ ഞാൻ തിരിച്ചു ഒന്നിൽ നിന്നും ആരംഭിച്ചു ..

ഞാനെപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അന്ന് ഞാൻ ഒന്നിലേക്കു തിരിച്ചു പോയില്ലായിരുനെങ്കിൽ എന്താകുമായിരുന്നു? ….

പ്രത്യേകിച്ച് ഒന്നുമാകുമായിരുന്നില്ല അല്ലേഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (5)

കുറെ മുത്തശ്ശി മാർ ക്കു വേണ്ടി ബസ് അടുത്ത കയറ്റത്തിൽ പൊടുന്നനെ നിർത്തി ഞാൻ ഒന്നാം ക്ലാസിലെ ഓർമകളിൽ നിന്ന് ഞെട്ടിയുണർന്നു …

തൂ വെള്ള സാരിയുടുത്ത കുറെ സുന്ദരി മുത്തിമാർ… കൂടെ അവരെ യാത്ര അയക്കാൻ വലിയൊരു ജനാവലി തന്നെ ഉണ്ടായിരുന്നു എല്ലാ കൊല്ലവും നടത്തുന്ന മുക്തേശ്വര പൂജയ്ക്കു പോകുന്നവരായിരുന്നു അവർ ..

എന്തോ എൻ്റെ മനസ്സിൽ ആകാംക്ഷയും അമലും അപ്പോഴുമുണ്ടായിരുന്നു ..ഞാൻ അവരുടെ കഥ ഓർത്തു
ആകാംക്ഷ…. അവൾ പഠനത്തിൽ മിടുക്കിയായിരുന്നു .അച്ഛനും അമ്മയും പിന്നെ കൊച്ചനുജനും ഒരു കൊച്ചു കുടുംബം ….

പാരമ്പര്യമായി കിട്ടിയ കച്ചവടമായിരുന്നു അച്ഛൻ ചെയ്തിരുന്നത് പച്ചക്കറിയും പഴവര്ഗങ്ങളും മറ്റു അനാദി കളും ..അൽമോറ മാർക്കറ്റിലെ ഒരു പ്രധാനി …എന്തിരുന്നാലും കുട്ടികളുടെ കാര്യങ്ങളിൽ അദ്ദേഹം അതീവ ശ്രദ്ധാലു ആയിരുന്നു.. അതുകൊണ്ടാണ് കോളേജ് വിദ്യാഭാസം കഴിഞ്ഞ മകൾ ബാംഗളൂരിൽ അക്‌സെഞ്ചുറിൽ ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടിയപ്പോൾ അദ്ദേഹം സമ്മതം മൂളിയത്..

അവളുടെ കഥകളൊക്കെ കേൾക്കാനും ബാംഗളൂരിൽ വച്ച് കണ്ടുമുട്ടാനും പറ്റുമെന്ന് ഒരിക്കലും വിചാരിച്ചതല്ല ..അതൊക്കെ വഴിയേ പറയാം ..നമ്മുക്ക് ഹിമാലയ യാത്ര തുടരാം ..

അടുത്ത വളവു തിരഞ്ഞപ്പോ തന്നെ ഡ്രൈവർ വിളിച്ചു പറഞ്ഞു ത്രിശൂൽ റിസോർട്ടിന്റെ സ്റ്റോപ്പ് എത്താറായി..ഞങ്ങൾ ബാഗെടുത്തു ഇറങ്ങാൻ തയാറായി..ഡ്രൈവർക്കു നന്ദി പറഞ്ഞു.. അതെ പുതിയശീലങ്ങൾ പഠിക്കുകയായിരുന്നു ഞാൻ …ഞങ്ങൾ ഗംഗാച്ചൗരിൽ ഇറങ്ങി

മുക്തേശ്വരിന് കഷ്ടി 3 കിലോ മീറ്റർ മുന്നിലുള്ള ഗംഗാചൗർ ഗ്രാമത്തിലെ ത്രിശൂൽ റിസോർട്ടിലാണ് ഞാനും ഷൗകത്തേട്ടനും രണ്ടു ദിവസം തങ്ങാൻ തീരുമാനിച്ചത് ..

ബസ്റ്റോപ്പിൽ റിസോർട്ടിലെ പയ്യൻ ഞങളെ കാത്തുനില്കുന്നുണ്ടായിരുന്നു ബാഗിനുവേണ്ടി അവൻ കൈ നീട്ടിയെങ്കിലും ഞങ്ങൾ സ്നേഹപൂർവ്വം അത് നിരസിച്ചു. വരൂ എന്നുപറഞ്ഞു അവൻ മുന്നിൽ നടന്നു

റോഡിൽ നിന്നും നല്ല ഉയരത്തിൽ ഒരു കുന്നിൻ മുകളിലാണ് കോട്ടേജുകൾ ..

ക്ഷീണം കാണിക്കാതെ പയ്യന്റെ പിന്നാലെ ഓടി കയറിയ ഞാൻ മേലെ എത്തിയപോഴേക്കും ശരിക്കും തളർന്നു പോയി …അവിടരുന്ന മരക്കസേരയിലിരുന്നു ക്ഷീണം തീർക്കുന്നതിനിടയിൽ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു “സമുദ്രനിരപ്പിൽ നിന്ന് ഉയരം കൂടുംതോറും കയറ്റത്തിന് ക്ഷീണവും കൂടും ”

പിന്നിൽ മെല്ലെ നടന്നു വന്ന ഷൗകത്തേട്ടൻ അതുകേട്ടു പുഞ്ചിരിച്ചു..ഞാൻ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെന്ന് അദ്ദേഹത്തിന് മനസ്സിലായിക്കാണും

കുന്നിൻ മുകളിൽ കുറെ കോട്ടേജുകൾ പിന്നെ കുറെ ഓർഗാനിക് കൃഷിയിടങ്ങൾ വിവിധ തരത്തിലുള്ള പൂക്കളും നിറഞ്ഞു നിൽക്കുന്നതാണ് ത്രിശൂൽ റിസോർട്ട് ..

അതിന്റെ രക്ഷാധികാരി വിക്രംജിയെ കണ്ടു 40 വയസുള്ള ഒരു സുന്ദരൻ…

നിങ്ങളൾ പോയി ഫ്രഷായിട്ടു വന്നൊള്ളൂ എന്ന് പറഞ്ഞു പയ്യന്സിനെ ഞങ്ങൾക്ക് മുറി കാണിച്ചു കൊടുക്കാൻ ഏല്പിച്ചു വിക്രംജി ഓഫീസിലേക്കു നടന്നു

ഞാൻ ആശിച്ചതു പോലെ ഷൗകത്തേട്ടൻ പറഞ്ഞു, നമുക്കൊന്നു വിശ്രമിക്കാം നാളെ ആകട്ടെ മുക്തേശ്വർ പ്രദക്ഷിണം . കുറെ സമയമെടുത്തു കുളിച്ചു അവിടുത്തെ ചൂട് വെള്ളത്തിനു നല്ല കുളിര് .. കുളിച്ചു മുറ്റത്തിറങ്ങി അവിടെ ഷൗകത്തേട്ടൻ പ്രാതലിനു എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു ..

അടുക്കളയിൽ നിന്ന് ആലു പറാത്ത വന്നു ..പുട്ടും കടലയുമായിരുന്നു മനസ്സിൽ ..എന്നാലും നല്ലവണം ആസ്വദിച്ചു പറാത്ത രണ്ടെണ്ണം അകത്താക്കി ..വിശപ്പിൻറെ വിളി അത്ര വലുതായിരുന്നു …

അതിനിടെ വിക്രമിന്റെ അച്ഛൻ വന്നു നാളത്തെ ഭക്ഷണ കാര്യങ്ങൾ പാചകക്കാരനുമായി തീരുമാനിച്ചു അദ്ദേഹം കൃഷിയിടത്തിലേക്കു നടന്നകന്നു
ചൂട് ചായകുടിച്ചുകൊണ്ടു ഞങ്ങൾ മുറ്റത്തു കൂടി നടന്നു ..

ഹൽദ്ധ്വാനി മുതലുള്ള യാത്ര മനോഹരമായിരുന്നു ആകാംഷയും അമലും ഹിസ്റ്ററി മാസ്റ്ററും കുട്ടികളും ഭിംത്താലും എല്ലാം…എന്തിരുന്നാലും ശരീരത്തിന് നല്ല ക്ഷീണം.. തിരിച്ചു കോട്ടേജിൽ ചെന്ന് ബാഗിലുണ്ടായിരുന്ന പിറവി മാസിക എടുത്തു സോഫയിലിരുന്നു ..ഊണ് കാലായി എന്ന് പയ്യൻസ് വന്നു വിളിച്ചപ്പോഴാണ് ഉണർന്നത് ….

നേരെ ഭക്ഷണ ശാലയിലേക്ക് പരിപ്പും ചോറും ഉരുളക്കിഴങ്ങു സബ്ജിയും ചപ്പാത്തിയും ആവശ്യത്തിനു കഴിച്ചു.

ഞങ്ങൾ വരാന്തയിലിരുന്നു സ്നേഹം ധ്യാനം രാഷ്ട്രീയം കുട്ടികാലം അങ്ങനെ സംസാരിച്ചു ഷൗകത്തേട്ടന്റെ കൂടെ ഇരുന്നാൽ അങ്ങനെയാണ് …

തുടരും

കുറെ മുത്തശ്ശി മാർ ക്കു വേണ്ടി ബസ് അടുത്ത കയറ്റത്തിൽ പൊടുന്നനെ നിർത്തി ഞാൻ ഒന്നാം ക്ലാസിലെ ഓർമകളിൽ നിന്ന് ഞെട്ടിയുണർന്നു …

തൂ വെള്ള സാരിയുടുത്ത കുറെ സുന്ദരി മുത്തിമാർ… കൂടെ അവരെ യാത്ര അയക്കാൻ വലിയൊരു ജനാവലി തന്നെ ഉണ്ടായിരുന്നു എല്ലാ കൊല്ലവും നടത്തുന്ന മുക്തേശ്വര പൂജയ്ക്കു പോകുന്നവരായിരുന്നു അവർ ..

എന്തോ എൻ്റെ മനസ്സിൽ ആകാംക്ഷയും അമലും അപ്പോഴുമുണ്ടായിരുന്നു ..ഞാൻ അവരുടെ കഥ ഓർത്തു
ആകാംക്ഷ…. അവൾ പഠനത്തിൽ മിടുക്കിയായിരുന്നു .അച്ഛനും അമ്മയും പിന്നെ കൊച്ചനുജനും ഒരു കൊച്ചു കുടുംബം ….

പാരമ്പര്യമായി കിട്ടിയ കച്ചവടമായിരുന്നു അച്ഛൻ ചെയ്തിരുന്നത് പച്ചക്കറിയും പഴവര്ഗങ്ങളും മറ്റു അനാദി കളും ..അൽമോറ മാർക്കറ്റിലെ ഒരു പ്രധാനി …എന്തിരുന്നാലും കുട്ടികളുടെ കാര്യങ്ങളിൽ അദ്ദേഹം അതീവ ശ്രദ്ധാലു ആയിരുന്നു.. അതുകൊണ്ടാണ് കോളേജ് വിദ്യാഭാസം കഴിഞ്ഞ മകൾ ബാംഗളൂരിൽ അക്‌സെഞ്ചുറിൽ ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടിയപ്പോൾ അദ്ദേഹം സമ്മതം മൂളിയത്..

അവളുടെ കഥകളൊക്കെ കേൾക്കാനും ബാംഗളൂരിൽ വച്ച് കണ്ടുമുട്ടാനും പറ്റുമെന്ന് ഒരിക്കലും വിചാരിച്ചതല്ല ..അതൊക്കെ വഴിയേ പറയാം ..നമ്മുക്ക് ഹിമാലയ യാത്ര തുടരാം ..

അടുത്ത വളവു തിരഞ്ഞപ്പോ തന്നെ ഡ്രൈവർ വിളിച്ചു പറഞ്ഞു ത്രിശൂൽ റിസോർട്ടിന്റെ സ്റ്റോപ്പ് എത്താറായി..ഞങ്ങൾ ബാഗെടുത്തു ഇറങ്ങാൻ തയാറായി..ഡ്രൈവർക്കു നന്ദി പറഞ്ഞു.. അതെ പുതിയശീലങ്ങൾ പഠിക്കുകയായിരുന്നു ഞാൻ …ഞങ്ങൾ ഗംഗാച്ചൗരിൽ ഇറങ്ങി

മുക്തേശ്വരിന് കഷ്ടി 3 കിലോ മീറ്റർ മുന്നിലുള്ള ഗംഗാചൗർ ഗ്രാമത്തിലെ ത്രിശൂൽ റിസോർട്ടിലാണ് ഞാനും ഷൗകത്തേട്ടനും രണ്ടു ദിവസം തങ്ങാൻ തീരുമാനിച്ചത് ..

ബസ്റ്റോപ്പിൽ റിസോർട്ടിലെ പയ്യൻ ഞങളെ കാത്തുനില്കുന്നുണ്ടായിരുന്നു ബാഗിനുവേണ്ടി അവൻ കൈ നീട്ടിയെങ്കിലും ഞങ്ങൾ സ്നേഹപൂർവ്വം അത് നിരസിച്ചു. വരൂ എന്നുപറഞ്ഞു അവൻ മുന്നിൽ നടന്നു

റോഡിൽ നിന്നും നല്ല ഉയരത്തിൽ ഒരു കുന്നിൻ മുകളിലാണ് കോട്ടേജുകൾ ..

ക്ഷീണം കാണിക്കാതെ പയ്യന്റെ പിന്നാലെ ഓടി കയറിയ ഞാൻ മേലെ എത്തിയപോഴേക്കും ശരിക്കും തളർന്നു പോയി …അവിടരുന്ന മരക്കസേരയിലിരുന്നു ക്ഷീണം തീർക്കുന്നതിനിടയിൽ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു “സമുദ്രനിരപ്പിൽ നിന്ന് ഉയരം കൂടുംതോറും കയറ്റത്തിന് ക്ഷീണവും കൂടും ”

പിന്നിൽ മെല്ലെ നടന്നു വന്ന ഷൗകത്തേട്ടൻ അതുകേട്ടു പുഞ്ചിരിച്ചു..ഞാൻ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെന്ന് അദ്ദേഹത്തിന് മനസ്സിലായിക്കാണും

കുന്നിൻ മുകളിൽ കുറെ കോട്ടേജുകൾ പിന്നെ കുറെ ഓർഗാനിക് കൃഷിയിടങ്ങൾ വിവിധ തരത്തിലുള്ള പൂക്കളും നിറഞ്ഞു നിൽക്കുന്നതാണ് ത്രിശൂൽ റിസോർട്ട് ..

അതിന്റെ രക്ഷാധികാരി വിക്രംജിയെ കണ്ടു 40 വയസുള്ള ഒരു സുന്ദരൻ…

നിങ്ങളൾ പോയി ഫ്രഷായിട്ടു വന്നൊള്ളൂ എന്ന് പറഞ്ഞു പയ്യന്സിനെ ഞങ്ങൾക്ക് മുറി കാണിച്ചു കൊടുക്കാൻ ഏല്പിച്ചു വിക്രംജി ഓഫീസിലേക്കു നടന്നു

ഞാൻ ആശിച്ചതു പോലെ ഷൗകത്തേട്ടൻ പറഞ്ഞു, നമുക്കൊന്നു വിശ്രമിക്കാം നാളെ ആകട്ടെ മുക്തേശ്വർ പ്രദക്ഷിണം . കുറെ സമയമെടുത്തു കുളിച്ചു അവിടുത്തെ ചൂട് വെള്ളത്തിനു നല്ല കുളിര് .. കുളിച്ചു മുറ്റത്തിറങ്ങി അവിടെ ഷൗകത്തേട്ടൻ പ്രാതലിനു എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു ..

അടുക്കളയിൽ നിന്ന് ആലു പറാത്ത വന്നു ..പുട്ടും കടലയുമായിരുന്നു മനസ്സിൽ ..എന്നാലും നല്ലവണം ആസ്വദിച്ചു പറാത്ത രണ്ടെണ്ണം അകത്താക്കി ..വിശപ്പിൻറെ വിളി അത്ര വലുതായിരുന്നു …

അതിനിടെ വിക്രമിന്റെ അച്ഛൻ വന്നു നാളത്തെ ഭക്ഷണ കാര്യങ്ങൾ പാചകക്കാരനുമായി തീരുമാനിച്ചു അദ്ദേഹം കൃഷിയിടത്തിലേക്കു നടന്നകന്നു
ചൂട് ചായകുടിച്ചുകൊണ്ടു ഞങ്ങൾ മുറ്റത്തു കൂടി നടന്നു ..

ഹൽദ്ധ്വാനി മുതലുള്ള യാത്ര മനോഹരമായിരുന്നു ആകാംഷയും അമലും ഹിസ്റ്ററി മാസ്റ്ററും കുട്ടികളും ഭിംത്താലും എല്ലാം…എന്തിരുന്നാലും ശരീരത്തിന് നല്ല ക്ഷീണം.. തിരിച്ചു കോട്ടേജിൽ ചെന്ന് ബാഗിലുണ്ടായിരുന്ന പിറവി മാസിക എടുത്തു സോഫയിലിരുന്നു ..ഊണ് കാലായി എന്ന് പയ്യൻസ് വന്നു വിളിച്ചപ്പോഴാണ് ഉണർന്നത് ….

നേരെ ഭക്ഷണ ശാലയിലേക്ക് പരിപ്പും ചോറും ഉരുളക്കിഴങ്ങു സബ്ജിയും ചപ്പാത്തിയും ആവശ്യത്തിനു കഴിച്ചു.

ഞങ്ങൾ വരാന്തയിലിരുന്നു സ്നേഹം ധ്യാനം രാഷ്ട്രീയം കുട്ടികാലം അങ്ങനെ സംസാരിച്ചു ഷൗകത്തേട്ടന്റെ കൂടെ ഇരുന്നാൽ അങ്ങനെയാണ് …

….

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (6 )

വൈകുന്നേരം 5 മണി ആയിക്കാണും ..

വിക്രം പറഞ്ഞത് ഓർത്തു ..റിസോർട്ടിന്റെ മുകളിലത്തെ കുന്നിൽ മുകളിൽ ഒരു വ്യൂ പോയിന്റുണ്ട്… അങ്ങോട്ടു പോയി അസ്തമയം ആസ്വദിക്കാൻ ഞങൾ തീരുമാനിച്ചു ..കുന്നിൻ ചെരിവിലെ വഴിയോരത്തു പലതരം പച്ചക്കറികളും പഴങ്ങളും കൃഷി ചെയുന്നുണ്ട് ..ഇതിനൊക്കെ പിന്നിൽ വിക്രമിന്റെ അമ്മയും അച്ഛനും ആണ് സ്ഥിരമായിട്ടുള്ള കൃഷിയും , ഇടകൃഷിയും എല്ലാം ഓർഗാനിക്

വ്യൂ പോയിന്റ് എന്ന ബോർഡ് കണ്ടു ഞങ്ങൾ അങ്ങോട്ടു നടന്നു കുത്തനെയുള്ള കയറ്റം… ..മുകളിൽ നിന്നുള്ള കാഴ്ച മനോഹരമായിരുന്നു ..ചുറ്റും മലകൾ താഴെ കൃഷിയിടങ്ങളും കുടിലുകളും ഇടകലർന്ന ഗംഗാചൗർ താഴ്വര .. കുറെ നേരം ഞങ്ങൾ അവിടെ ഇരുന്നു ..

മേഘങ്ങളും മഞ്ഞും കാരണം ഹിമാലയം മാത്രം കാണാൻ പറ്റിയില്ല ..വിക്രം പറഞ്ഞതനുസരിച്ചു 380 കിലോ മീറ്റർ വിസ്താരമുള്ള മഞ്ഞു മലനിരകൾ അവിടെ നിന്നാൽ കാണാം ബന്ദർ പൂഞ്ജ് , ചൗഖംബാ നീലകണ്ട് ,ത്രിശൂൽ,നന്ദാദേവി ,പഞ്ചാചുളി ,നംപ മുതലായവ ..

അസ്തമയം കാത്തിരുന്ന ഞങ്ങളെ മഞ്ഞു വന്നു മൂടി.. കുറച്ചു നേരം മഞ്ഞു കൊണ്ട് ഞങ്ങൾ അവിടെ നിന്നു.. ..പിന്നെ മഞ്ഞിനോട്‌ പിണങ്ങി ഞങ്ങൾ തിരിച്ചു നടന്നു..

നല്ല ചൂട് ചായകുടിച്ചു ഞങ്ങൾ നാളത്തെ പരിപാടികൾ വിക്രമിനോട് തീരുമാനിക്കാൻ റിസപ്ഷനിലേക്കു നടന്നു ..വൃത്തിയായി അലങ്കരിച്ച റിസെപ്ഷൻ ..ഹിമാലയത്തിലെ പല സ്ഥലങ്ങളിലെ ഫോട്ടോകൾ..വിക്രം നടത്തുന്ന ട്രക്കിങ് അതിലെ ചില ഫോട്ടോകൾ ..ഇപ്പോഴും ആശാൻ മെസ്സേജ് അയക്കാറുണ്ട് പുതിയ ട്രക്കിങ് പരിപാടികളെ കുറിച്ചുള്ള വിവരങ്ങൾ വച്ച് .
..
രണ്ടു ദിവസം മുക്തേശ്വർ ,പിന്നെ കൗസാനി,കർണ്ണപ്രയാഗ്‌ ,തുംഗനാഥ് ,ഋഷികേശ് ,ഹരിദ്വാര, ഇതാണ് ഞങ്ങളുടെ ചെറിയ അജണ്ട ഷൗകത്തേട്ടൻ പറഞ്ഞു് ..

നല്ലതെന്നു വിക്രം തലയാട്ടി പറഞ്ഞു “നാളെ ഇവിടടുത്തുള്ള “ബാലു ഘട്ട് ” എന്ന അധികമാരും കാണാത്ത ഒരു നിധിയും കാണാം അതൊരിക്കലും കാണാതെ പോകരരുത് മറ്റന്നാൾ മുക്തേശ്വർ അമ്പലവും മറ്റും കാണാം” ..

അടുത്ത ദിവസം രാവിലെതന്നെ ടാക്സി വന്നു. പ്രീതം എന്നായിരുന്നു ഡ്രൈവർ പയ്യന്സിന്റെ പേര് ..ശരിക്കും ഒരു പയ്യൻസ് ..

5 കിലോമീറ്റര് അകലെയുള്ള ധാരി ഗ്രാമത്തിലൂടെ ആണ് ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് കുന്നിറങ്ങി തഴ് വാരത്തിലെത്തി. പ്രീതം കാർ നിർത്തി..ഇനി നടക്കാം സർ ഇനിയങ്ങോട്ട് കാർ പോകില്ല ..ഞങ്ങൾ അവനെ അനുഗമിച്ചു ..

വയലുകൾ കഴിഞ്ഞപ്പോൾ ..ചെറിയ അരുവികണ്ടു അതിന് അരികിലൂടെ ഞങ്ങൾ നടന്നു.. … 45 മിനിറ്റ് നടന്നുകാണും നല്ലകാട് ..വെള്ളം വീഴുന്ന താളാത്മകമായ ശബ്ദം കേട്ടു ..നിധി യുടെ അടുത്തെത്തി എന്ന് തോനുന്നു …

ഏകദേശം 60 അടി മുകളിൽ നിന്ന് വെള്ളം ചെറിയ ഒരു തടാകത്തിലേക്ക് പതിക്കുന്നു… വളരെ തെളിഞ്ഞ വെള്ളം ..പ്രകൃതി രമണീയം അത്രതന്നെ ..കൂടുതൽ പറഞ്ഞു വഷളാക്കുനില്ല …പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവരും കാണേണ്ട കാഴ്ച്ച തന്നെ ..ശരിക്കും ഒരു നിധി തന്നെ.. . നശിപ്പിക്കാതെ, വാണിജ്യ വത്കരിക്കാതെ, നാട്ടുകാർ ഈ നിധി യെ സൂക്ഷിച്ചു വച്ചിട്ടുണ്ട് .

ബാലു എന്ന് പറഞ്ഞാൽ കരടി , ഘട്ട് എന്നുപറഞ്ഞാൽ വെള്ളച്ചാട്ടം..കരടിയെ കണ്ടത് കൊണ്ടിട്ടതാണ് ഈ പേര് ..

ഞങ്ങൾ ഒന്ന് മുങ്ങി നീരാടാൻ തീരുമാനിച്ചു ..നല്ല തണുപ്പുള്ള വെള്ളം ശരീരത്തിലെയും മനസിലെയും അഴുക്കു കളയുന്ന തണുപ്പ് ആസ്വദിച്ചു നീരാടി ..

പിന്നീട് തിരുച്ചു വരുന്നതുവരെ വിടാതെ പിന്തുടർന്ന ജലദോഷം ഈ ആസ്വാദനത്തിന്റെ ഒരു ശേഷിപ്പായിരുന്നു ….

ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങി “ബാലു ഘട്ട് “ലേക്’പോകുന്ന കുറച്ചു പേരെ കണ്ടു ….കാറിൽ കയറി തിരിച്ചു റിസോർട്ടിലേക്കു …

നമുക്ക് മുക്തേശ്വർ അമ്പലത്തിൽ മൂന്ന് മണി ആകുമ്പോ പോകാം .. ഷൗകത്തേട്ടൻ പറഞ്ഞു ..

പരിപ്പ് കറിയും ചോറും ഉരുളക്കിഴങ്ങു സബ്ജിയും ചപ്പാത്തിയും നല്ലവണ്ണം കഴിച്ചു ..രാവിലെ കുറെ നടന്നത് കൊണ്ടാവണം നല്ല വിശപ്പുണ്ടായിരുന്നു ….

3 മണിക്ക് പ്രീതം എത്തി ..നേരത്തെ പറഞ്ഞതുപോലെ പ്രീതം സ്ഥലത്തെ പ്രധാന പയ്യൻസായിരുന്നു ..വഴിയേപോന്നോരെടൊക്കെ കുശലാന്വേഷണം നടത്തിക്കൊണ്ടു അവൻ മുക്തേശ്വറിലേക്കു തേര് തെളിച്ചു.. ….…

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (7 )

മുക്തേശ്വർ, സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 7500 അടി മുകളിൽ സ്ഥിതി ചെയ്‌യുന്നു.

മുക്തേശ്വരിന് ആ പേര് കിട്ടിയത് ഏകദേശം 350 കൊല്ലം പഴക്കമുള്ള ശിവ ക്ഷേത്രം മൂലമാണ്. ശിവൻ അസുരനെ വധിച്ചു മുക്തി കൊടുത്ത സ്ഥലമാണത്രെ മുക്തേശ്വർ. കുരുക്ഷേത്ര യുദ്ധത്തിന് ശേഷം മുക്തി കിട്ടാതെ അലഞ്ഞ പാണ്ഡവരും മുക്തിക്കു വേണ്ടി ഇവിടെ വന്നിട്ടുണ്ടെന്നാണ് കഥ ..

ക്ഷേത്രത്തിലേക്കുള്ള പടികൾ കയറാൻ തുടങ്ങിയ ഞങ്ങളെ പ്രീതം ഇടതു വശത്തു കൂടിയുള്ള മൺപാതയിലൂടെ നടത്തി ..ഈ വഴി പോകാം എന്ന് പറഞ്ഞു അവൻ ഞങ്ങളെ അമ്പലത്തിനു പിൻനിലുള്ള മുനമ്പും കൂട്ടത്തിലെക്കാണ് കൊണ്ടുപോയത് .

താഴ്വരയുടെ ആഴങ്ങളിലേക്ക് തുറിച്ചു നോക്കുന്നപോലെ പാറക്കൂട്ടങ്ങൾ ..എങ്ങും മുനമ്പുകൾ മാത്രം ..ആ ഉയരത്തിൽ നിന്നും ഞങ്ങൾ താമസിച്ചിരുന്ന സ്ഥലം പോലും താഴ്വര പോലെ തോന്നി ..

പാറ കൂട്ടങ്ങളിൽ ഒന്നിന് ഒരു പ്രത്യേകത തോന്നി ..പ്രീതം പറഞ്ഞു അതാണ് .”ചൗളി കി ജാലി ” ..:”ചൗളി” എന്ന് പറഞ്ഞാൽ പാറ “ജാലി ” എന്നാൽ തുള.. ഇവിടുത്തു കാരുടെ വിശ്വാസപ്രകാരം ആ തുളയിലൂടെ പാറയുടെ അപ്പുറത്തു പോയാൽ സന്താന ഭാഗ്യം ഉണ്ടാവുമെന്നാണ്…….. വിശ്വാസം ..അതല്ലേ എല്ലാം ..

അതിനടുത്തു കുറെ പാറ കയറ്റക്കാർ അതിനുള്ള സാമഗ്രികളുമായ് നില്കുന്നു.. അവിടം പാറകയറ്റം പോലുള്ള സാഹസിക കളികൾക്കും പ്രസിദ്ധമാണ് ..

പാറകളുടെ കൂടെ താഴ്വരയെ തുറിച്ചുനോക്കി ഞങ്ങളും അവിടിരുന്നു ..

പിന്നെ കുറച്ചു കഴിഞ്ഞു അമ്പലത്തിലേക്കു പ്രീതം കാണിച്ചുതന്ന കാട്ടിലൂടെ ഞങ്ങൾ നടന്നു ..ഉയരം കൂടിയ മരങ്ങൾ കമ്പിളി പുതപ്പു പുതച്ചതുപോലുണ്ട്… കുറച്ചുകൂടി മുകളിലേക്ക് കയറിയ ഞങ്ങൾ ക്ഷേത്രത്തിന്റെ വലതുഭാഗത്തെത്തി. ക്ഷേത്രത്തിൻറെ ഭാഗം പോലെ തോന്നിയ ഒരു കെട്ടിടം അതിനു ഒരു ചെറിയ വാതിൽ ..ഞങ്ങൾ അകത്തു കടന്നു…

ശ്രീകോവിൽ അവിടന്ന് കാണാം ..ചുറ്റും മറ്റു ഉപദേവതകളെ പ്രതിഷ്ഠിച്ചിട്ടുണ്ട് . നടന്ന ക്ഷീണം മാറ്റാൻ ഞാൻ ശ്രീകോവിലിന്റെ വരാന്തയിൽ താഴ്വരം നോക്കി ഇരുന്നു ..

മുക്തി കിട്ടാൻ പറ്റിയസ്ഥലം ശാന്തം മനോഹരം..ഞാനവിടെ കുറെ നേരം വെറുതെ ഇരുന്നു.. കുറെ നേരം കണ്ണ് തുറന്നും കുറെ നേരം കണ്ണടച്ചും .. എന്റെ ധ്യാനം അങ്ങനാണ്…

കാലടിയിൽ സമീക്ഷയിൽ ഷൌക്കത്ത്ഏട്ടൻ നടത്തുന്ന സൈലന്റ് റിട്രീറ്റിൽ പോയാൽ ആദ്യം മനസ്സ് പറന്നു എത്താറുള്ളത് മുക്തേശ്വറിലാണ്..ആ ശ്രീകോവിലിന്റെ പിന്നിലെ ചുമരിൽ ചാരി ഇരുന്നു മുക്തേശ്വർ താഴ്വരയും ഹിമവനെയും നോക്കി ഇരിക്കുന്നിടത്തേക്ക് ….ലോകവും നാമും തമ്മിലുള്ള അടുപ്പവും അകലവും അറിയാതെ അറിഞ്ഞു പോകുന്ന ധ്യാന മുഹൂർത്തത്തിലേക്ക്‌ ..

മൗനപൂർവ്വം ഓർമ്മ വന്നു.. മൗനം എന്ന് ചിന്തിക്കുമ്പോൾ ഓർമവരിക സമീക്ഷയിലെ പച്ചപ്പും ഹരിതാഭയും, ശാന്തമായ അന്തരീക്ഷവും തന്നെ.. പിന്നെ സമീക്ഷയെ തട്ടി തലോടി ഒഴുകി കൊണ്ടിരിക്കുന്ന പെരിയാറിന്റെ മടിത്തട്ടിലിരിക്കുന്നതും..

മൗനത്തിലിരിക്കുമ്പോൾ മനസിനെ എപ്പോഴും വൃത്തിയാക്കാനുള്ള ശ്രമം നടത്താറുണ്ട്. ചെയേണ്ടത് വെറുതെ ഇരുന്നു കൊടുക്കുക മാത്രം..ഊറുന്നത് വരെ കാത്തിരിക്കുക മാത്രം .. ഒരു വിചാരത്തെയും പുറത്തെറിയേണ്ട ആവശ്യമില്ല. സ്വാഭാവികമായി എല്ലാം നടന്നുകൊള്ളും.. ഇന്നലെകളെ പറ്റി വേവലാതി പെടുകയോ,നാളെയെ പറ്റി ആശംങ്ക പെടുകയോ ചെയേണ്ട സമയമല്ലിത്. ഇന്നിനെ ഈ നിമിഷത്തെ ആശ്ലേഷിക്കേണ്ട സമയമാണിത് ….

നാം നമ്മെ കണ്ടെത്തുന്ന ഓരോ നിമിഷവും നാം നമുക്ക് വേണ്ടി തീർത്ത വഴികളും അതിലൂടെ പുതിയ വഴികൾ തീർക്കുന്ന, പുതിയ വഴികൾ തേടുന്ന യാത്ര.. എത്ര ഉണർവേറിയതും ഉന്മേഷകരമാണത് !! .കുറച്ചു സമയത്തേക്ക് മനസങ്ങനെ പറന്നു കളിക്കുകയായിരുന്നു ..

മണി നാദം കേട്ടപ്പോൾ ഞാൻ ഞെട്ടി ഉണർന്നു …

പൂജയ്ക്കുള്ള മണി അടിച്ചതായിരുന്നു .. ഞാൻ എഴുന്നേറ്റു .. ചുവന്ന പട്ടുടുത്തു പൂജാരി പൂക്കളും മറ്റു പൂജ സാമഗ്രികളുമായി എത്തി..നല്ല തേജസുള്ള മുഖം . പിന്നീട് പ്രീതം പറഞ്ഞപ്പോഴാണ് മനസിലായതു അദ്ദേഹം ലക്‌നൗ വിലെ സംസ്‌കൃത കോളേജിലെ പണ്ഡിതനാണെന്ന്

പൂജാരി പൂജയ്ക് വേണ്ടി നട അടച്ചു …ഞാൻ താഴോട്ടേക്കു നടന്നു..

അടുത്ത മുറിയിൽ വേറൊരു പൂജാരി അർജന്റീനയുടെയും ബെൽജിയത്തിന്റെയും തലേദിവസത്തെ കാൽപ്പന്തു കളിയുടെ റിപീറ്റ്‌ ടെലികാസ്റ് കാണുന്നു…. ഓരോരുത്തർക്കും ഓരോനിൽനിന്നും മുക്തി കിട്ടികൊണ്ടിരിക്കുന്നു …

താഴെ വിശ്രമ പന്തലിൽ ഷൗകത്തേട്ടൻ ഇരിക്കുന്നു.. . ഞാൻ അങ്ങോട്ടേക്ക് നടന്നു ….ഞങ്ങൾ കുറെ സമയം അവിടിരുന്നു ..

പ്രീതം പ്രധാന പൂജാരിയോട് കാര്യമായി സംസാരിച്ചു കൊണ്ടു നടന്നു വരുന്നു ..ഞങ്ങളെ കണ്ടപോഴെകും അവൻ സംസാരം നിർത്തി… ..

എന്ത് പറ്റി ഞാൻ ആഗ്യം കാണിച്ചു …അവൻ പറഞ്ഞു പൂജാരി വളരെ സങ്കടത്തിലാണ് മുക്തേശ്വർ ഇപ്പോൾ ഒരു ടൂറിസ്റ്റു സ്ഥലമായിരുക്കുന്നു ഇതൊരു പുണ്യ സ്ഥലമാണ്. ആളുകൾ ആചാരം പാലിക്കുന്നില്ല. ശിവ ഭഗവാൻ വല്ലാതെ കോപിച്ചിരിക്കയാണ് ..കഴിഞ്ഞ കൊല്ലം ഉത്തരഞ്ജലിൽ വൃത്തിയാക്കിയത് പോലെ ഇവിടവും ഒരു ഭഗവൽ കോപം പ്രതീക്ഷിക്കാം അതിന്റെ ഒരു സൂചനയാണ് ഇടിമിന്നലേറ്റ മരങ്ങൾ…. അവൻ അവിടുണ്ടായിരുന്ന മരങ്ങൾ കാണിച്ചു തന്നു ….(ഉത്തരാഞ്ചലിൽ 2013 ലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചാലും ആണ് അവൻ ഉദ്ദേശിച്ചത് )

അവൻ പറഞ്ഞതു അത്ര ദഹിക്കാത്തതു കൊണ്ടാണെന്നു തോന്നുന്നു….ഞങ്ങൾ ഒരു കാപ്പി കുടിക്കണം എന്ന് ഒന്നിച്ചു പറഞ്ഞു …. ഒന്നും മിണ്ടാതെ ഞങ്ങളെയും കൂട്ടി കാപ്പിക്കടയിലേക് പ്രീതം നടന്നു ….

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (8 )

ക്ഷേത്രത്തിനു മുന്നിലുള്ള കാപ്പിക്കടയിൽ നിന്ന് ഞങ്ങൾ നല്ല ചൂട് കാപ്പി കുടിച്ചു… അത് കഴിഞ്ഞു ഞങ്ങൾ പണ്ടത്തെ പുലി മുരകനായ ജിം കോർബെറ്റിന്റെ കോട്ടേജ് കാണാൻ പോയി. ആ കോട്ടേജിനു മുന്നിൽ നിന്നാൽ ഹിമാലയ മലനിരകൾ കാണാം …

ആദ്യം മനുഷ്യരെ തിന്നുന്ന പുലികളെ കൊന്നും പിന്നീടുള്ള കാലത്ത് അവയെ സംരക്ഷിക്കാൻ പ്രയത്നിച്ചും ജീവിച്ച ജിം ആളൊരു പുലിയായിരുന്നു.

കാടും കാട്ടിലെ മൃഗങ്ങളും നിലനില്കേണ്ടതിനെ കുറിച്ചും അദ്ദേഹ പലയിടങ്ങളിലും പറഞ്ഞു നടന്നു. തൻ്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം ജനങ്ങളെ അറിയിച്ചു .ഇന്ത്യയുടെ ആദ്യത്തെ നാഷണൽ പാർക് സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പ്രയത്നം എടുത്തുപറയത്തക്കതാണ്.. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ആ പേരിലാണ് ആ നാഷണൽ പാർക്കുള്ളത് ..

തിരിച്ചു റിസോർട്ടിലെത്തിയപ്പോൾ വിക്രം പറഞ്ഞതനുസരിച്ച് ജാഗേശ്വർ ക്ഷേത്രവും അജണ്ടയിൽ ചേർത്തു .മുക്തേശ്വരിൽ നിന്ന് 2 :30 മണിക്കൂർ യാത്ര ഏകദേശം 80 കിലോമീറ്റര് ദൂരം ..ഈ ക്ഷേത്രവും അതി പുരാതനമാണ് ..

ജാഗേശ്വർ കഴിഞ്ഞു കൗസാനി അതിന് ശേഷം അടുത്ത സ്റ്റോപ്പ് തീരുമാനിക്കാം ഷൗകത്തേട്ടൻ പറഞ്ഞു.

അടുത്ത ദിവസം കുറച്ചു നേരത്തെ ഉണർന്നു .ഭാണ്ഡ കെട്ടൊക്കെ ശരിയാക്കി ഞങ്ങൾ റെഡി. ആയി.അടുക്കളയിൽ നിന്നും പ്രാതൽ റെഡി എന്ന അറിയിപ്പും വന്നു ..

പ്രാതൽ കഴിഞ്ഞു ഷൗകത്തേട്ടൻ നേരെ റിസെപ്ഷനിലെക്ക് നടന്നു ..ഞാൻ ക്യാമറയുമായി കുറച്ചു കൂടി ചിത്രങ്ങളെടുത്തു പിന്നെ വിക്രമിനോട് യാത്ര ചോദിയ്ക്കാൻ ഞാനും റിസപ്ഷനിൽ കയറി .

……………..ഞങ്ങളുടെ അച്ഛനപ്പൂപ്പന്മാരുടെ കാലം മുതൽ ഉള്ള സ്ഥലമാണിത് ..ആദ്യം കുറച്ചു പേയിങ് ഗസ്റ്റ് വന്നു പോകുമായിരുന്നു ,,വിക്രം ഷൗകത്തേട്ടനോട് റിസോർട്ട് ഉണ്ടായ കഥ തുടരുകയാണ് … പിന്നീട് അച്ഛനും അമ്മയ്ക്കും ഇത് വിപുലീകരിക്കാൻ താല്പര്യം തോന്നി. അങ്ങനെയാണ് റിസോർട് ഇന്നത്തെ നിലയിൽ എത്തിയത് ..വിക്രമിന്റെ ‘അമ്മ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയാണ് ..അച്ഛൻ ഉത്തരാഖണ്ട്‌ലെ ഒരു ഉയർന്ന ഗർവൺമെൻറ് ഉദ്യോഗസ്ഥനും ഇപ്പൊ റെട്ടർമെൻറ് ആഘോഷിക്കുന്നു ..

പ്രീതം കാറുമായി പറഞ്ഞ സമയത്തു തന്നെ എത്തി വിക്രമിനോടും മുക്തേശ്വരിനോടും ബാലു ഘാട്ടിനോടും ഞങ്ങൾ താത്കാലികമായി യാത്രപറഞ്ഞിറങ്ങി …..

പ്രീതം അവനറിയാവുന്ന കുറുക്കു വഴികളിലൂടൊക്കെ പോയി. ചിലപ്പോ റോഡു വളരെ ദുഷ്കരമായിരുന്നു.
അങ്ങനെ ബാരേചിന ഗ്രാമത്തിലെ ലാഖുടിയാർ എന്നസ്ഥലത്തെത്തി. അവിടെയുള്ള സുയൽ നദിയുടെ അരികത്തുനിർത്തി. അവൻ പറഞ്ഞു ഇവിടെ ശിലായുഗത്തിലെ ഗുഹകൾ ഉണ്ട് . ലാഖുടിയാർ എന്നാൽ ലക്ഷം ഗുഹകളുള്ള സ്ഥലമെന്നർത്ഥം. ഞങ്ങൾ അവിടിറങ്ങി.

ഇവിടം അനേക വർഷങ്ങൾക്കു മുൻപേ മനുഷ്യതാമസം ഉണ്ടയിരുന്നു… ശിലായുഗത്തിലെ മനുഷ്യരുടെ ജീവിതത്തെ കുറിച്ചുള്ള തെളിവുകൾ ഇവിടുണ്ട്. അവിടെ കണ്ട ചിത്രങ്ങൾ അധികവും ചുമർ ചിത്രങ്ങളായിരുന്നു പാത്രങ്ങളും പലതരത്തിലുള്ള ചിഹ്നങ്ങൾ കൂടാതെ തലയിൽ കിരീടം വച്ച നർത്തകരെന്നു തോന്നിക്കുന്ന ചിത്രങ്ങൾ.

ആടുകളെ പോലുള്ള മൃഗങ്ങളുടെ ചിത്രങ്ങളുണ്ടെ ങ്കിലും ആയുധങ്ങളൊന്നും വരച്ചുകണ്ടില്ല ..അവർ സമാധാനപ്രിയരായിരിക്കണം. ഇളം ചുവപ്പ് നിറമാണ് കൂടുതലായി അവർ ഉപയോഗിച്ചിരിക്കുന്നത് .

ഇതൊക്കെ സൂചിപ്പിക്കന്നത് അവ മധ്യ ശിലായുഗത്തിലേതാണെന്നാണ്. ചെറിയ പാറ കഷ്ണങ്ങൾ ഉപയോഗിചുള്ള ആദി ശിലായുഗത്തിനും മിനുക്കിയ പാറക്കഷ്ണങ്ങൾ ഉപയോഗിച്ചുള്ള പുതിയ ശിലായുഗത്തിനും ഇടയ്ക്ക്.

ശിലായുഗത്തിൽ നിന്നും ഞങ്ങൾ തിരിച്ചു വിവര സാങ്കേതികയുടെ യുഗത്തിലേക്ക് തിരിച്ചുവന്നു. വഴിയോര കച്ചവടക്കാരനിൽ നിന്നും കനലിൽ ചുട്ട ചോളവും വാങ്ങി ഞങ്ങൾ ജാഗേശ്വറിലേക്കു തിരിച്ചു ..

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (9 )

മനോഹരമായ കാഴ്ചയായിരുന്നു അത് മല നിരകൾക്കു താഴെ പ്രൗഢോജ്വലമായ ദേവതാരു വൃക്ഷങ്ങൾക്കിടയിൽ ജാഥ ഗംഗാ നദിയുടെ തീരത്തു നിൽക്കുന്ന 2500 കൊല്ലങ്ങളോളം പഴക്കമുള്ള ക്ഷേത്ര സമുച്ചയം.

ക്ഷേത്ര പട്ടണം എന്നു പറയാം. കല്ലിൽ തീർത്ത വലുതും ചെറുതുമായ 124 ക്ഷേത്രങ്ങൾ. ഇവ ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേയുടെ സംരക്ഷണത്തിലാണ്.. ഗുപ്‌തൻമാരുടെ കാലഘട്ടങ്ങളിൽ പണിതതാണിവ പിന്നീട് ഓരോ രാജ ഭരണ കാലഘട്ടങ്ങളിൽ പല ക്ഷേത്രങ്ങളും പണിതു ഏകദേശം നാനൂറ് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രകാരൻമാർ പറയുന്നത് …

ഇവുടത്തെ പ്രധാന ക്ഷേത്രങ്ങൾ പ്രതിഷ്ഠകൾ..ശിവനുമായി ബന്ധപ്പെട്ടതാണ് മഹാ മൃതുഞ്ജയൻ (ഇതാണ് കൂട്ടത്തിൽ ഏറ്റവും പഴയത് ), മഹിഷാസുര മർദ്ധിനി,കേദാർനാഥ് ,ബലേശ്വർ ,സൂര്യ ,നവഗ്രഹങ്ങൾ ,മഹാകാളി ,നവദുർഗ മുതലായവ ആണ് അവ ..

നദികളായ നന്ദിനിയും സുരഭിയും കണ്ടുമുട്ടുന്നത് ഇവിടാണ്.

ഇവിടുത്തുകാർ പറയുന്നത് എട്ടാമത്തെ ജ്യോതിർലിംഗമാണ് ജാഗേശ്വറിലേതെന്നാണ്…

ഇവിടുത്തെ \ഉത്സവം ജൂലൈ ആഗസ്തിലാണ് നടക്കാറ്. ശിവരാത്രി ആഘോഷവും പ്രസിദ്ധമാണ്.. ഇത് കൂടാതെ ഇവർ കൊയ്ത്തുൽത്സവമായ ഓണവും ആഘോഷിക്കാറുണ്ട് .ഇത്ര കാലവും ഓണം കേരളത്തിൻറെ മാത്രം ആഘോഷമാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് …

ആദി ശങ്കരൻ കേദാർനാഥ് പോകുന്നവഴിയിൽ ജാഗേശ്വറിൽ വന്നിരുന്നു എന്നും പ്രതിഷ്ഠകൾ നടത്തിരുന്നും പറയപ്പെടുന്നു.

ഈ ക്ഷേത്രങ്ങളുടെ വാസ്തു നാഗരാ രീതിയിലാണ് വലിയ ഉയരത്തിലുള്ള നീളൻ പാറകൾ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത് മുകൾ ഭാഗത്തു കിരീടം പോലുള്ള പാറകളും.

പണ്ട് കൈലാസ മനസസരോവർ യാത്ര ചെയ്തിരുന്നവർ ജാഗേശ്വർ വഴിയായിരുന്നു യിരിന്നതുപോയിരുന്നത്.
ഇപ്പോഴും ഹിമാലയസാനുക്കളിൽ നിന്നുള്ള സന്യാസികൾ ഇവിടെ വന്നു ധ്യാനിക്കാറുണ്ട് ..

പഴയ നൂറ്റാണ്ടുകളിലെ ലിഖിതങ്ങൾ ഇവിടുത്തെ ചുമരുകളിലും മതിലുകളിലും കാണാം.

ഇവുടുത്തെ ക്ഷേത്ര സമുച്ചയത്തിൽ ബാലനായ ശിവന്റെയും വൃദ്ധനായ ശിവന്റെയും പ്രതിഷ്ഠകളുണ്ടെന്നാണ് പറഞ്ഞു കേട്ടത്.

ശിവ ഭഗവാൻ ഇവിടെ ധ്യാനത്തിന് വന്നപ്പോൾ, ഗ്രാമത്തിലെ സ്ത്രീകൾ ശിവനെ കാണാൻ വീടുവിട്ടിറങ്ങിയെന്നും, പുരുഷ പ്രജകൾ ആരാണ് സ്ത്രീകളെ ആകര്ഷിച്ച വൃദ്ധ സാധു എന്ന് അന്വേഷിച്ചു ബഹളമുണ്ടാക്കിയെന്നും അപ്പോൾ ശിവൻ ബാല രൂപത്തിലേക്ക് മാറിയെന്നുമാണ് കഥ….

അൽമോറയിൽ നിന്നു 34 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം പ്രീതത്തിന്റേതു പോലെ ടാക്സികൾ ഉണ്ടിവിടെ ..നൈനിറ്റാൾ ഇവിടെ നിന്നും നൂറു കിലോമീറ്റർ അകലെയാണ്, കാത്ഗോധാം റെയിൽവേ സ്റ്റേഷൻ 135 കിലോമീറ്റർ അകലെയും

അവിടം മുഴവൻ നടന്നു ഫോട്ടോകളെടുത്തു ..ഉത്സവ സമയമായതിനാൽ അവിടെ ഇരുന്നു ആസ്വദിക്കാനൊന്നും പറ്റിയില്ല ആളുകളുടെ ബഹളം തന്നെ ..പിന്നെ പൂജകളും മണിയുടെയും ശബ്ദങ്ങൾ.. ഞാൻ ജാഥ ഗംഗാ നദിയുടെ അരികിലേക്കു നടന്നു ..ദേവതാരു മരങ്ങൾക്കു ഓരം ചുറ്റി ഒഴുകുന്ന അവൾ ഈ ശബ്ദകോലാഹലങ്ങളൊന്നും ശ്രദ്ധിക്കാതെ സാവധാനം ഒഴുകുകയാണ് …ഞാൻ കാലുകൾ വെള്ളത്തിൽ വച്ച് അവിടെ കുറെ ഇരുന്നു …ഷൗകത്തേട്ടൻ കുറച്ചകലെ കണ്ണടച്ച് നില്കുന്നത് കണ്ടു ഞാൻ അങ്ങോട്ടു നടന്നു ..

ആളൊഴിഞ്ഞ സ്ഥലത്ത് ജാഥാ ഗംഗയുടെ തെളിഞ്ഞ വെള്ളവും ദേവദാരു മരങ്ങളുടെ ശാന്തതയും നോക്കി കുറേന്നേരം ഞങ്ങൾ ഇരുന്നു.. സമയം പോയതറിഞ്ഞില്ല ..ഉച്ചകഴിഞ്ഞിരിക്കുന്നു അതിനടത്തുനിന്നും ചോറും പരിപ്പുകറിയും കഴിച്ചു..

പ്രീതം പറഞ്ഞു ഇനി കൗസനിയിലേക് പോകാം …ഇപ്പൊ പുറപ്പെട്ടാൽ നേരം ഇരുട്ടുന്നതിനു മുൻപേ എത്താം

ഞങ്ങൾ ജാഥ ഗംഗയോടും ദേവതരുകളോടും ജൻഗേശ്വറിനോടും തത്കാലം വിടപറഞ്ഞു ..

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (10 )

ക്ഷേത്ര പട്ടണമായ ജാഗേശ്വറിൽനിന്നു പിന്നെയും കുന്നുകളും താഴ്വാരങ്ങളും കടന്നു പ്രീതം ഞങ്ങളെ കൗസാനിയിൽ എത്തിച്ചു..

മെയിൻ റോഡിൽ നിന്നും ഇടതു തിരിഞ്ഞു ഒരു കുന്നിൻ മുകളിലേക്കു കാർ നീങ്ങി ..മുകളിൽ എത്തിയ കാർ അനാസക്തി ആശ്രമത്തിനു മുന്നിൽ നിർത്തി.. ഞങ്ങൾ പുറത്തിറങ്ങി .. പ്രീതത്തിനെ ചായക്ക് ക്ഷണിച്ചെങ്കിലും അവന് കഴിയുന്നതും വേഗം മുക്തേശ്വരിലേക്കു പോകാൻ തിടുക്കമായിരുന്നു ..അവനു നന്ദിയും പറഞ്ഞു ഞങ്ങൾ അവനെ തിരിച്ചയച്ചു ..

കൗസാനി …ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ബാഗേശ്വർ ജില്ലയിലാണ് .. മുക്തേശ്വരിൽ നിന്ന് കണ്ടതുപോലെ കൗസനിയിൽനിന്നും ഹിമാലയ പർവത നിരകൾ കാണാൻ സാധിക്കും ..

പക്ഷെ അവിടെ കൗസാനിയിലെ അനാസക്തി ആശ്രമത്തിനു മുന്നിലുള്ള ബെഞ്ചിലിരുന്നു താഴെ കൗസാനി താഴ്വരയും മുന്നിൽ അങ്ങുദൂരെ 300 കിലോമീറ്ററോളം വരുന്ന ഹിമാലയ മലനിരകളായ തൃശൂൽ , നന്ദാദേവി ,പഞ്ചചുളി മുതലായവ കാണുന്നതാണ് കൂടുതൽ മനോഹരം …

പിന്നെ അനാസക്തി ആശ്രമത്തിലെ നിർമലമായ ആ നിശബ്ദത നമ്മെ എവിടെയൊക്കെയോ കൊണ്ടെത്തിക്കും …

അനാസക്തി ആശ്രമം വളരെ ശാന്തവും സുന്ദരവുമായ സ്ഥലമാണ്.. ഇവിടെ ഗാന്ധിജി കുറച്ചുനാൾ താമസച്ചിരുന്നു.. ആ സമയതാണ് ഗാന്ധിജി അനാസക്തി യോഗ വിവരണം എഴുതിയത്..

മഹാത്മാഗാന്ധി വിവരിച്ച ഒരു ജീവിതരീതിയാണ് അനസക്തി യോഗ. ഭഗവദ്ഗീതയുടെ സ്ലോകകൾ വിവർത്തനം ചെയ്ത അദ്ദേഹം അതിന് അനസക്തി യോഗ എന്ന് പേരിട്ടു.. ബന്ധങ്ങളുടെ കെട്ടുപാടുകൾ പൊട്ടിച്ചു ഒന്നിലും ആസക്തിയില്ലാതെ ഉള്ള ജീവിതരീതി .. അതുകാരണമാണ് കാസനിയിലെ ഈ ആശ്രമത്തിനു അനാസക്തി ആശ്രമം എന്ന പേര് ലഭിച്ചത് ..

ഞാനും ഷൗകത്തേട്ടനും ആശ്രമത്തിലെ മാനേജരുടെ റൂം തേടി നടന്നു ..ഒടുവിൽ പ്രാർത്ഥന മുറിയുടെ പിന്നിൽ മാനേജർ ശർമ്മാജിയെ കണ്ടു….

ഡെഹ്‌റാഡൂണിലെ യുവ കവി വിശാൽ ആശ്രമത്തിലെത്തിയാൽ ശർമ്മാജിയെ കാണാൻ പറഞ്ഞ കാര്യം ശർമ്മാജിയോട് സൂചിപ്പിച്ചു… തികഞ്ഞ ഗാന്ധിയനായ ശർമ്മാജി ശുദ്ധ ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങി…..മറുപടിയായി എൻ്റെ ഹിന്ദി കേട്ടു മനം നൊന്ത് ശർമ്മാജി പണിപ്പെട്ടു സംസാരം ഇംഗ്ലീഷിലാക്കി ..കോളേജിൽ സെക്കൻഡ് ലാംഗ്വേജ് ഹിന്ദി എടുക്കാത്തത് അബദ്ധമായി എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത് ..

നിങ്ങൾ 3 നമ്പർ മുറിയെടുത്തോളൂ അവിടെ ജനാല തുറന്നാൽ ഹിമാലയം കാണാം പിന്നെ കൗസാനി താഴ്വരയും ശർമ്മാജി പറഞ്ഞു ..

പിന്നെ രാവിലെ 8:30 മണിക്ക് പ്രാതൽ, പൂരിയും ഉരുളക്കിഴങ്ങു കറിയും , 12 :30 മണിക്ക് ഉച്ച ഭക്ഷണം ,ഉണക്കച്ചാപത്തിയും പരിപ്പും ചോറും സബ്ജിയും ,രാത്രി 8 :30 അത്താഴം ചപ്പാത്തിയും കറിയും .. പിന്നെ വൈകുന്നേരങ്ങളിൽ 7 മണിക്ക് പ്രാർത്ഥന ആശ്രമത്തിലെ എല്ലാ അന്തേവാസികളും പങ്കെടുക്കണം ശർമ്മാജി ഇത്രയും പറഞ്ഞു ഒന്ന് ദീർഘശ്വാസം വലിച്ചു….

ഞങ്ങൾ ആ നിയമത്തെ മനസുകൊണ്ട് അംഗീകരിച്ചു ഒപ്പിട്ടു മുറിയിലേക്ക് നടന്നു …

പച്ച നിറത്തിലുള്ള ജനാലകളും വാതിലുകളും. ഞങ്ങൾ ആ നീളൻ വരാന്തയിലൂടെ നടന്നു .ഓരോ വാതിലുകളിലും ഗാന്ധിജി യുടെ സൂക്തങ്ങൾ എഴുതിയിട്ടുണ്ട് . ശുചിത്വത്തെ പറ്റിയുള്ള ഫലകങ്ങളും കണ്ടു.

മുകളിലായിരുന്നു ഞങ്ങളുടെ മുറി മരം കൊണ്ട് പണിത ഗോവണികയറി 3 നമ്പർ മുറിയിലെത്തി ..രണ്ടു കട്ടിലുകൾ ഒരു മേശ കമ്പിളി, കട്ടിയുള്ള പുതപ്പും ഉണ്ട്. വലതു ഭാഗത്തു ഒരു കുളിമുറിയും ..

ഭാണ്ഡങ്ങളവിടെവച്ചു. വിസ്തരിച്ചു കുളിച്ചു..അത് കഴിഞ്ഞു ഒരു ചായ അനേഷിച്ചു ഞങ്ങൾ പുറത്തിറങ്ങി..ഉയരത്തിൽ നിന്ന് കുടിക്കുമ്പോൾ ചായക്കപ്പോഴും കൂടുതൽ ഉന്മേഷമുണ്ടാകുമല്ലോ !!

ഇത്രയും ശാന്തത നിറഞ്ഞു നിൽക്കുന്ന സ്ഥലം ഞാനിതുവരെ കണ്ടിട്ടില്ല..ഒരുദിവസം താമസിച്ചു പോകാൻ മനസു തീരെ സമ്മതിക്കുന്നില്ല ..ചായ മോന്തുന്നതിനിടെ ഷൗകത്തെട്ടനോട് ഈ കാര്യം സൂചിപ്പിച്ചു. മൂപ്പർ പറഞ്ഞു “നമുക്ക് രണ്ടു മൂന്ന് ദിവസം കൂടി ഇവിടെ താമസിച്ചാലോ ബിജു ?ഞാനതു കണ്ണടച്ച് സമ്മതിച്ചു ……

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (11 )

വൈകുന്നേരത്തെ പ്രാർത്ഥന സമയമായി !!

ശർമ്മാജിയും കുറച്ചു കുട്ടികളും ആശ്രമത്തിലെ അന്തേവാസികളും പ്രാർത്ഥനാ ഹാളിലേക്കു നടക്കുന്നത് കണ്ടു ഞങ്ങളും പിന്നിൽ നടന്നു..ആ ഹാൾ ശരിക്കും ഒരു മ്യൂസിയം തന്നെ ആയിരുന്നു . ഗാന്ധിജിയുടെ ഓരോ കാലഘട്ടങ്ങളിലെയും ചിത്രങ്ങൾ ..മറ്റു സ്വതന്ത്ര സമര നേതാക്കളുടെയും….എല്ലാം നോക്കി കണ്ടു ..

നാട്ടുകാരായ കുറച്ചു പേർ കൂടി വന്നു … എല്ലാവരും ഹാളിൽ ഇരുന്നു..ശർമ്മാജിയുടെ കൂടെ ഉണ്ടായിരുന്ന കൊച്ചു പെൺകുട്ടി എല്ലാവര്ക്കും പ്രാർത്ഥന എഴുതിയ കടലാസ് വിതരണം ചെയ്തു … പിന്നെ അവൾ ഇരുന്നു പ്രാർത്ഥന ഗീതം ആരംഭിച്ചു ..എല്ലാവരും അവളുടെ കൂടെ പ്രാർത്ഥനാ ഗീതം ആലപിച്ചു. അത് കഴിഞ്ഞു ഗാന്ധിജിയുടെയും ,ടാഗോറിന്റെയും കവിതകൾ , പിന്നെ കുറച്ചു ശ്ലോകങ്ങൾ കുട്ടികൾ എല്ലാവരും മനോഹരമായി പാടി ..

ശർമ്മാജി, ഗാന്ധി മാർഗത്തെ കുറിച്ച് സംസാരിച്ചു …

പിന്നെ പുതുതായി വന്ന അന്തേവാസികളായ ഞങ്ങളെ എല്ലാവര്ക്കും പരിചയപ്പെടുത്തി കൊടുത്തു ..കേരളത്തിൽ നിന്നെത്തിയ ഷൗക്കത്തുജിയും ബിജുജിയും ഞങ്ങളുടെ കൂടെ ഇന്ന് മുതൽ കുറച്ചു ദിവസം ഉണ്ട്..എല്ലാവരും ചെറു പുഞ്ചിരിയോടെ നസ്കാരം തന്നു ..തിരിച്ചു ഞങ്ങളും ..ബാംഗ്ലൂരിലെ തിരിക്കുള്ള ജീവിതത്തിൽ ആദ്യമായി കാണുന്ന ആരോടെങ്കിലും ഒരു കുശലാന്വേഷണം എങ്കിലും ഞാൻ നടത്തിയിട്ടുണ്ടോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു ..എന്തായാലും പുതിയ ഈ ശീലം ഈ കുട്ടികളിൽ നിന്ന് ഞാൻ പഠിച്ചു ..

ശർമ്മാജിയുടെ പ്രഭാഷണം കഴിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളോട് ഞങ്ങളുടെ പ്രാർത്ഥന ആലപിക്കാൻ ക്ഷണിച്ചു …

ഷൗകത്തേട്ടൻ, ഇശാ വാസ്യ ഉപനിഷത്തിലെ പൂർണമത : പൂര്ണമിതം , .ഫാത്തിഹ സുറഹ് ത്തിലെ ബിസ്മിൽ ലാഹിർ റഹ്‌മാനിർ റഹിം ആലപിച്ചു .. അത് കഴിഞ്ഞു നാരായണ ഗുരുവിന്റെ ദൈവ ദശകവും ആലപിച്ചു എല്ലാവരും ആ ആലാപനത്തിൽ ലയിച്ചിരുന്നു ..ശർമ്മാജി വളരെ സന്തോഷത്തോടെ പിന്നെയും സംസാരിച്ചു. .. അതിനു ശേഷം ദേശീയഗാനം ആലപിച്ചു ഞങ്ങൾ അത്താഴത്തിനു തയാറായി ….

ശർമ്മാജി ഞങ്ങളെ കൂട്ടി അടുക്കളയിലേക്കു നടന്നു ..അവിടെ ചപ്പാത്തിയും കറിയും തയാറായിട്ടുണ്ടായിരുന്നു ഞങ്ങൾ പാദരക്ഷ പുറത്തുവച്ചു കൈ കാലുകൾ കഴുകി ബെഞ്ചിലിരുന്നു.. നല്ല ചപ്പാത്തിയും പരിപ്പ് കറിയും.. അടുക്കളയിൽ നിന്നും ചൂട് ചപ്പാത്തി കൊണ്ടുവന്നു അവർ നിബന്ധിച്ചു കഴിപ്പിച്ചു …

അത്താഴം കഴിഞ്ഞു നേരെ മുറിയിലേക്ക് നടന്നു ..ജലദോഷം കലശലായി ഉണ്ടെങ്കിലും ഈ ആശ്രമാന്തരീക്ഷം വല്ലാത്തൊരു ഉണർവ് തന്നുകൊണ്ടേ ഇരുന്നു. യാത്രയുടെ ക്ഷീണം കാരണം അന്ന് വേഗം ഉറങ്ങാൻ തീരുമാനിച്ചു …

തുടരും …