കഴിഞ്ഞ കുറെ ആഴ്ചകളിലായി വൈകുന്നേരങ്ങളിൽ ഒരുമണിക്കൂർ (ചിലപ്പോൾ അതിലേറെ സമയം )അപ്പാർട്മെന്റിൻലെ സ്വിമ്മിങ് പൂളിൽ നന്നുവിൻറെയും താത്തുവിന്റെയും കൂടെയാണ് ചിലവിടുന്നത് ..

ഓഫീസിലെ പണികളും ..മീറ്റിംഗുകളും കഴിഞ്ഞു തളർന്നിട്ടുണ്ടാവുമെങ്കിലും ..അവരോടൊന്നിച്ചു കളിയ്ക്കാൻ കിട്ടുന്ന, ചിലവഴിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ഞാൻ പാഴാക്കാറില്ല.. അത് കഴിഞ്ഞാൽ ക്ഷീണവും മാനസിക പിരിമുറക്കങ്ങളും,തലവേദനയും ഒക്കെ പോയിട്ടുണ്ടാവും… ഇതെങ്ങനെ സംഭവിക്കുന്നു എന്ന് കരുതി അതിന് കാരണം തേടി വലിയ അന്വേഷണത്തിനൊന്നും ഞാൻ പോകാറില്ല ..പക്ഷെ ഒന്നുറപ്പാണ് അവരുടെ നിരുപാധിക സ്നേഹം തന്നെയാണ് ഇതിനു ഒരു കാരണം ..അവർ തരുന്ന സ്നേഹം ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ..

ഒന്നാലോചിച്ചു നോക്കൂ …നമ്മൾ എല്ലാവരും സ്നേഹിക്കാനും സ്നേഹിക്കപെടാനും അനുഗ്രഹിക്ക പെട്ടവരാണ്..

നമ്മുക്ക് സ്നേഹം ആദ്യം കിട്ടിയത് അമ്മയിൽ നിന്നുമായിരിക്കണം.. അമ്മയുടെ സംരക്ഷണത്തിൽ നാം അമ്മയ്ക്കു നൽകിയ നിഷ്കളങ്കമായ സ്നേഹം , അതായിരിക്കും അമ്മയെ നമ്മെ താലോലിക്കാൻ പ്രേരിപ്പിച്ചത് ‘അമ്മ ആ സ്നേഹം തിരിച്ചും നൽകിയതും ഒന്നും പ്രതീക്ഷിക്കാതെ തന്നെ .

പിന്നെ കാലങ്ങൾ കഴിഞ്ഞപ്പോൾ എപ്പോഴോ ആ സ്നേഹത്തെ പറ്റിയുള്ള പരാതികൾ, സ്നേഹത്തിൻറെ ഏറ്റക്കുറച്ചിലുകൾ, ചോദ്യങ്ങൾ വരാൻ തുടങ്ങി …നമ്മൾ അരക്ഷിതരാകാൻ തുടങ്ങി…

സ്നേഹം നമുക്ക് മാത്രം കിട്ടേണ്ടതാണെന്നു തോന്നി തുടങ്ങിയപ്പോഴാണ് ..നമ്മുടെ പ്രിയപെട്ടവരൊക്കെ നമ്മുടെ ചുറ്റും ഉണ്ടാവണമെന്നു തോന്നിയപ്പോഴാണ്, അവർ നമ്മെ മാത്രം സ്നേഹിക്കണമെന്ന് ആഗ്രഹിച്ചപ്പോഴാണ്, നാം കേന്ദ്ര ബിന്ദു ആകാൻ ശ്രമിച്ചപ്പോഴാണ് ..യഥാർത്ഥ സ്നേഹം വഴിമാറി സഞ്ചരിച്ചത് …

യഥാർത്ഥ സ്നേഹം വിരിയുന്നത് നാം മറ്റുള്ളവർക്കു നൽകുന്ന സ്വാതന്ത്യ്രത്തിലാണ് ..ആ നനവിലാണ് സ്നേഹം തളിരിട്ടു പുഷ്പിക്കുന്നത്…സത്യമായ സ്നേഹത്തിന്റെ പൂന്തേൻ മധുരം നാം അപ്പോൾ രുചിച്ചറിയുന്നു….

ഓഷോ പറഞ്ഞത് പോലെ …മാനത്തു കറുത്ത മേഘങ്ങൾ വന്നാൽ അവ മഴയായി പെയ്തിരിക്കണം, അത് പ്രകൃതി നിയമമാണ് … അതുപോലെ മനം നിറയെ സ്നേഹമാണെങ്കിൽ അത് നാം പങ്കിടേണം..തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ..മറ്റുള്ളവർ ആ സ്നേഹം സ്വീകരിക്കുമ്പോഴുള്ള ആനന്ദം അതി മനോഹരമാണ്..,…. …ഓർക്കുക അതുപോലെ മറ്റുള്ളവരുമായി പങ്കിട്ടാണ് പലപ്പോഴും നമ്മൾ ഹൃദയഭാരമിറക്കിവെക്കുക..

നമ്മൾ യഥാർത്ഥ സ്നേഹത്തെയാണോ അന്വേഷിക്കുന്നത് അതോ സ്നേഹത്തിലൂടെ മറ്റുള്ളവരെ നമ്മുടെ അധീനതയിൽ ആകാനും അവരെ ഒരു ബന്ധുര കാഞ്ചന കൂട്ടിലാക്കാനുമാണോ ?ഉപാധികളോടെ ഉള്ള സ്നേഹം ഒരു ബന്ധനം തന്നെയാണ് ..

നമ്മൾ സ്നേഹിക്കുന്നവരെ,….നമ്മളെ സ്നേഹിക്കുന്നവരെ… മറ്റുള്ളവരെ സ്നേഹിക്കാൻ വിടാതിരുന്നാൽ അത് ഉപാധികളില്ലാതെ സ്നേഹമാകില്ല. അത് നിങ്ങൾക്കു സ്വാതന്ത്രം തരില്ല, മറ്റുള്ളവർക്കും… പതിയെ സ്വാതന്ത്രം തേടി മറ്റുള്ളവർ നിങ്ങളെ വിട്ടു പോകന്നതു നിങ്ങൾ വേദനയോടെ കാണേണ്ടിവരും ..പിന്നെ പതിയെ നിങ്ങളും സ്വാതന്ത്രനാകാൻ കൊതിക്കും

എല്ലാവരും സ്വതന്ത്രരായി നല്ല ബോധത്തോടെ ..നിങ്ങൾ മറ്റുള്ളവരെ നിങ്ങളുടെ അധീനതയിലാക്കാതെ അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ, സ്നേഹിക്കണം,

അതോടെ സ്നേഹം ഒരു ആനന്ദ അനുഭവമായി മാറും ആഘോഷമായി മാറും ..ആ സ്നേഹത്തിനിടയിൽ അസൂയയും അഹങ്കാരവും ദേഷ്യവും പകയും കാണാൻ കഴിയില്ല ..ഒന്നും പ്രതീക്ഷികാതെയുള്ള സ്നേഹം ഒന്നും അധീനതിയിലാക്കാതെ ഉള്ള സ്നേഹം …അവിടെ സ്നേഹം എപ്പോഴും പൂത്തു തളിരണിഞ്ഞു നിൽക്കുന്നു…. അവിടെയാണ് നമ്മുടെ ഹൃദയം വിടരുന്നത് ആ സ്വാതന്ത്രത്തിലാണ് മനസ് പൂത്തുലയുന്നത് ..